പാലക്കാട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്ന് പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് പറഞ്ഞു. സി. കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കില്ലായിരുന്നുവെന്നും പ്രമീള ശശിധരന് പറഞ്ഞു.
നമുക്ക് ജനങ്ങളോട് വോട്ട് ചോദിക്കാനല്ലേ പറ്റൂ..ജനങ്ങളല്ലേ വോട്ട് തരേണ്ടത്. ജനങ്ങള്‍ക്ക് താല്പര്യമുണ്ടായിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം വരെ നമുക്ക് അഭിപ്രായങ്ങള്‍ പറയാം. സ്ഥാനാര്‍ഥിയെ നിര്ണയിച്ചുകഴിഞ്ഞാല് ഒറ്റക്കെട്ടായി കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും കൃഷ്ണകുമാറിന്റെ കൂടെത്തന്നെയായിരുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. നല്ല പ്രവര്‍ത്തനമായിരുന്നു ഇവിടെ കാഴ്ച വച്ചത്. സംസ്ഥാന പ്രസിഡന്റ് അടക്കം ഇവിടെ വന്ന് ഓരോരുത്തര്‍ക്കും നിര്‍ദേശം തന്നതിന്റെ പേരിലായിരുന്നു ഞങ്ങളുടെ ഓരോ പ്രവര്‍ത്തനവും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.
കണ്‍വെന്‍ഷനും വോട്ട് ചോദിക്കാനുമൊക്കെ ശോഭാ സുരേന്ദ്രന് വന്നിരുന്നു. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന രീതി ശരിയല്ല. കാരണം തോറ്റ് കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ട്. നഗരസഭാ ഭരണത്തില്‍ വലിയ വോട്ട് ചോര്‍ച്ച വന്നിട്ടില്ലെന്ന് ധൈര്യമായി പറയാന്‍ സാധിക്കും. 28 കൗണ്‍സിലര്‍മാരും കൃഷ്ണകുമാറിനൊപ്പമായിരുന്നു. അതില്‍ യാതൊരു സംശയവുമില്ല. ..പ്രമീള പറഞ്ഞു.