കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സഖാക്കളുടെ ഉജ്ജ്വല സ്മരണ നമ്മുടെ വരുംകാല പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാവുമെന്നും കൂത്തുപറമ്പ് സമരേതിഹാസത്തിലെ ധീരരായ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇന്ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനം. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് യുഡിഎഫ് സര്‍ക്കാരിന്റെ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് കെ കെ രാജീവന്‍, ഷിബുലാല്‍, റോഷന്‍, മധു, ബാബു എന്നീ അഞ്ചു സഖാക്കള്‍ കൂത്തുപറമ്പില്‍ രക്തസാക്ഷികളായത്. 1994 നവംബര്‍ 25 ന് കൂത്തുപറമ്പിലെ യുഡിഎഫ് ഭരണകൂട ഭീകരതയെ നെഞ്ചു വിരിച്ചു നേരിട്ട സഖാവ് പുഷ്പന്‍ ജീവിതത്തോട് മല്ലിട്ടു ശയ്യാവലംബിയായി കിടന്നത് വര്‍ഷങ്ങളാണ്. ജീവിക്കുന്ന രക്തസാക്ഷിയായി മാറിയ പുഷ്പന്‍ സഹനത്തിന്റെയും ഇച്ഛാശക്തിയുടെയും നേര്‍പര്യായമായി. മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പന്‍ നമ്മെ വിട്ടുപിരിഞ്ഞത് ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ്. കൂത്തുപറമ്പിലെ ആറു സഖാക്കളുടെ ഉജ്ജ്വല സ്മരണ നമ്മുടെ വരുംകാല പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജമാവും. കൂത്തുപറമ്പ് സമരേതിഹാസത്തിലെ ധീരരായ പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍.