കണ്ണൂര്‍: ഇ.പി ജയരാജന്റെ പേരിലുള്ള പുസ്തകത്തില്‍ ഡിസി ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തും. ജീവനക്കാരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ഇ.പി ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാര്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കിലായതിനാല്‍ മൊഴി നല്കാന് ഇ.പി സമയം ആവശ്യപ്പെട്ടു.
പുസ്തകത്തിന്റെ 178 പേജുകളുടെ പിഡിഎഫ് ഏതുവിധത്തിലാണ് പുറത്തുപോയത് എന്നതാണ് ഇ.പി. ജയരാജന് പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്ന ചോദ്യം. അതില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നതായും ഇ.പി പ്രതികരിച്ചിരുന്നു. പിഡിഎഫ് ചോര്‍ന്നതിനേ കുറിച്ചും പൊലീസ് അന്വേഷണം നടത്തും.
‘കട്ടന്‍ ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥാ വിവാദത്തില്‍ ഇ.പി ജയരാജന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു എന്നാണ് ഇ.പി ജയരാജന് ഇ-മെയില്‍ വഴി നല്കിയ പരാതിയില്‍ പറയുന്നത്.