മംഗളൂരു: ഉച്ചിലയിലെ റിസോര്‍ട്ടില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍ പുത്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും സസ്പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥിനികള്‍ക്ക് നീന്തല്‍ വശമില്ലാത്തതാണു മരണത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ രാവിലെയാണ് സോമേശ്വര ഉച്ചിലയിലെ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൈസൂരു സ്വദേശികളായ നിഷിത എം.ഡി, പാര്‍വതി എസ്, കീര്‍ത്തന എന്നിവര്‍ മുങ്ങിമരിച്ചത്. മൂവരും മൈസൂരില്‍ അവസാന വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ഥിനികളായിരുന്നു. നീന്തല്‍കുളത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ റിസോര്‍ട്ട് അവഗണിച്ചതാണ് അപകടത്തിന് കാരണം. സ്ഥലത്ത് ലൈഫ് ഗാര്‍ഡുകളുണ്ടായിരുന്നില്ല. കുളത്തിന്റെ ആഴം സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നില്ല.
ശനിയാഴ്ച രാവിലെയാണ് മൂന്ന് വിദ്യാര്‍ഥിനികളും റിസോര്‍ട്ടില്‍ എത്തിയത്. ഇന്നലെ രാവില 10 മണിക്ക് കുളത്തിന്റെ ആറടി താഴ്ചയുള്ള ഭാഗത്തേക്ക് ഒരു വിദ്യാര്‍ഥിനി തെന്നിവീഴുകയായിരുന്നു. ഈ വിദ്യാര്‍ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും അപകടത്തില്‍പെട്ടത്. മൂന്നുപേര്‍ക്കും നീന്തല്‍ അറിയാത്തതാണ് മരണത്തിന് കാരണമെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.