ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നൈജീരിയന്‍ സന്ദര്‍ശനം ഇന്ന്. നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. രണ്ട് ദിവസം പ്രധാനമന്ത്രി നൈജീരിയയിലുണ്ടാകും. ഉച്ചയ്ക്ക് 1 മണിക്ക് യാത്രതിരിക്കുന്ന മോദി നൈജീരിയന്‍ സമയം ഒമ്പത് മണിക്ക് തലസ്ഥാനമായ അബുജയില്‍ എത്തും. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയിലെത്തുന്നത്. പശ്ചിമാഫ്രിക്കന്‍ മേഖലയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.
2007ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് നൈജീരിയ സന്ദര്‍ശിച്ചിരുന്നു. നൈജീരിയയുമായുള്ള സഹകരണം ശക്തമാക്കാനുള്ള ചര്‍ച്ച മോദിയുടെ സന്ദര്‍ശന വേളയില്‍ നടക്കും. നൈജീരിയയ്ക്ക് പിന്നാലെ ബ്രസീല്‍, ഗയാന രാജ്യങ്ങളും സന്ദര്‍ശിക്കും. ബ്രസീലില്‍ നടക്കുന്ന ജി ഇരുപത് ഉച്ചകോടിയില്‍ മോദി പങ്കെടുക്കും.