ബെംഗളൂരു: രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കര്‍ണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ജാമ്യം നല്‍കണമെന്ന് കാട്ടിയാണ് ദര്‍ശന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുള്ള മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് ദര്‍ശന് കോടതി ജാമ്യം അനുവദിച്ചത്.
നട്ടെല്ലിനും കാലിനും ശസ്ത്രക്രിയ ആവശ്യമെന്ന് കാട്ടിയാണ് ദര്‍ശന്‍ ഹൈക്കോടതിയെ സമീപിച്ചത്. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലാണ് ദര്‍ശന്‍ ചികിത്സ തേടുക. ഇതിന് കോടതിയുടെ അനുമതി ലഭിച്ചു. നിലവില്‍ ബെല്ലാരിയിലെ സെന്‍ട്രല്‍ ജയിലിലാണ് ദര്‍ശനുള്ളത്. ഇടക്കാല ജാമ്യ ഉത്തരവ് ഇന്ന് ജയിലില്‍ ലഭിച്ചാല്‍ ഇന്ന് തന്നെ ദര്‍ശന്‍ പുറത്തിറങ്ങും. അല്ലെങ്കില്‍ നാളെയാകും ജയില്‍ മോചനം. ജസ്റ്റിസ് വിശ്വജിത് ഷെട്ടിയുടെ ബഞ്ചാണ് ദര്‍ശന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജൂണ്‍ 9 ന് സുമനഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അഴുക്കുചാലിലാണ് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്‍ശനടക്കം 17 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്.