വിഡി സതീശന്‍-ഷാഫി പറമ്പില്‍ പ്രത്യേക പാക്കേജിന്റെ ഭാഗമാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിനുള്ളിലെ ഈ വിവാദം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് അനുകൂലമായി വന്നിരിക്കുന്നുവെന്നും പാലക്കാട് എല്‍ഡിഎഫ് അനുകൂല തരംഗം ആണെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. മുസ്ലീം ലീഗ് വര്‍ഗ്ഗീയ ശക്തിയുമായി ചേരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
”തൃശൂര്‍പൂരം കലക്കാനുള്ള ശ്രമം നടത്തി, പക്ഷെ പൂരം കലക്കാന്‍ സാധിച്ചില്ല .മതനിരപേക്ഷ സമൂഹത്തിന് ഉത്കണ്ഠ ഉണ്ടാക്കുന്ന സമീപനമാണ് ലീഗിന്റെതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.കെ സുധാകരന്റെ ഭീഷണി പ്രസംഗത്തെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. ഞാനോ മറ്റ് സിപിഎം നേതാക്കളോ ആയിരുന്നു ഇത്തരത്തില്‍ പറഞ്ഞതെങ്കില്‍ മാധ്യമങ്ങള്‍ മാസങ്ങളോളം ആഘോഷിക്കുമായിരുന്നു”- എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.