എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങൾ. മുൻകൂർ ജാമ്യഹർജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളിൽ നിന്നും ലഭിച്ച വിവരം.ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങൾ തെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ചൊവ്വാഴ്ച മുൻകൂർ ജാമ്യ ഹർജിയിൽ ഉത്തരവ് വരും. വിധിയെന്തെന്ന് അറിഞ്ഞ ശേഷം കീഴടങ്ങുന്നതിൽ തീരുമാനമെടുക്കാമെന്നാണ് ദിവ്യയുടെ നിലപാട്. അഴിമതിക്കെതിരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നുമാണ് ദിവ്യയുടെ ജാമ്യഹർജിയിലെ വാദം. അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പറയാനില്ലെന്ന് ആവർത്തിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ. ഞാൻ ജില്ലാ കളക്ടറായി തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. പറയാനുള്ളത് അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ ഇപ്പോൾ പ്രതികരിച്ചാൽ അന്വേഷണത്തെ ബാധിക്കും. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടമാണ്. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ച കത്തിലുണ്ടായിരുന്നത് തൻറെ മനോവിഷമമാണ്. അതിപ്പോഴുമുണ്ടെന്നും കളക്ടർ വ്യക്തമാക്കി.