ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ ഇന്ന് പലരും ഉപയോഗപ്പെടുത്താറുണ്ട്. റെസ്യൂമെ തയ്യാറാക്കാനും, വിവിധ അപേക്ഷകൾ തയ്യാറാക്കാനും, അസൈൻമെന്റ് തയ്യാറാക്കാനും തുടങ്ങി വിവിധ ആവശ്യങ്ങൾക്കായിട്ടാണ് ഇന്ന് പലരും എഐയെ ഉപയോഗപ്പെടുത്താറ്. എന്നാൽ, യുഎസ്സിൽ എഐ ഉപയോഗിച്ച് പ്രൊജക്ട് തയ്യാറാക്കിയ വിദ്യാർത്ഥിയ അധ്യാപകൻ ശിക്ഷിച്ചു. ഇതിന് പിന്നാലെ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ. മസാച്യുസെറ്റ്‌സിലെ ഒരു ഹൈസ്‌കൂൾ സീനിയർ വിദ്യാർത്ഥിയുടെ രക്ഷിതാക്കളാണ് അവൻ്റെ അധ്യാപകനും, സ്‌കൂൾ ജില്ലാ അധികാരികൾക്കും, പ്രാദേശിക സ്‌കൂൾ കമ്മിറ്റിക്കും എതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. ഹിസ്റ്ററി വിഷയത്തിൽ ഒരു ലേഖനമാണ് വിദ്യാർത്ഥി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്. അമേരിക്കൻ കോളേജ് ടെസ്റ്റിൽ (ACT) മികച്ച സ്കോർ വാങ്ങിയ വിദ്യാർത്ഥിക്ക് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേരാനാണ് ആഗ്രഹം. എന്നാൽ, വിദ്യാർത്ഥിയുടെ ചരിത്രം അധ്യാപകനാണ് ഈ വിദ്യാർത്ഥിയും മറ്റൊരു വിദ്യാർത്ഥിയും ലേഖനം തയ്യാറാക്കുന്നതിനായി എഐയുടെ സഹായം തേടിയതായി തിരിച്ചറിഞ്ഞത്. ബാസ്‌ക്കറ്റ്‌ബോൾ ഇതിഹാസം കരീം അബ്ദുൾ-ജബ്ബാറിനെക്കുറിച്ചുള്ളതായിരുന്നു പ്രൊജക്ട്. എന്തായാലും, എഐയുടെ സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത് എന്നറിഞ്ഞതോടെ അതിൽ വിദ്യാർത്ഥിക്ക് പൂജ്യം മാർക്കാണ് അധ്യാപകൻ നൽകിയത്. ഇത് വിദ്യാർത്ഥിയുടെ മൊത്തത്തിലുള്ള സ്കോറിനെയും ബാധിച്ചു. വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ വക്കീലായ പീറ്റർ ഫാരെൽ പറയുന്നത്, വിദ്യാർത്ഥി പൂർണമായും എഐ ഉപയോഗിച്ചല്ല ലേഖനം തയ്യാറാക്കിയത്. മറിച്ച് വിവരങ്ങൾക്ക് വേണ്ടി ഗൂഗിളിനെ ആശ്രയിക്കുന്നത് പോലെ എഐയേയും ഉപയോഗപ്പെടുത്തി എന്ന് മാത്രമേ ഉള്ളൂവെന്നാണ്. മസാച്യുസെറ്റ്സ് ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ വിദ്യാർത്ഥി ഒരു നിയമവും തെറ്റിച്ചിട്ടില്ല എന്നും പറയുന്നു. ഏതായാലും, സ്കൂൾ വിദ്യാർത്ഥികൾ എഐ ടൂളുകൾ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളെ കുറിച്ച് ചർച്ചകൾ ഉയരുന്നതിന് ഈ കേസ് കാരണമായിത്തീർന്നിട്ടുണ്ട്.