കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും തന്നെ ക്ഷണിച്ചത് കലക്ടറാണെന്നും ദിവ്യ ഹര്‍ജിയില്‍ പറഞ്ഞു. യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടറാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. ചടങ്ങില്‍ സംസാരിച്ചത് സദുദ്ദേശ്യത്തോടുകൂടിയാണെന്നും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അഡ്വ. കെ. വിശ്വം മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. യാത്രയയപ്പ് ദിവസം രാവിലെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അദ്ദേഹം ആ പരിപാടിക്കിടെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങുണ്ടെന്ന കാര്യം തന്നോട് പറയുന്നതും ക്ഷണിച്ചതും. മറ്റ് പരിപാടികളില്‍ തിരക്കിലായതിനാല്‍ കൃത്യസമയത്ത് തനിക്ക് ചടങ്ങിലെത്താനായില്ല. തുടര്‍ന്ന് പരിപാടി കഴിഞ്ഞുവോ എന്ന് കലക്ടറോട് വിളിച്ച് അന്വേഷിക്കുകയും ഇല്ലെന്ന് അദ്ദേഹം പറയുകയും തന്നോട് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ചടങ്ങിലെത്തിയത്. നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതായി വി.ടി പ്രശാന്ത് തന്നോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ഗംഗാധരന്‍ എന്നയാളും സമാന ആക്ഷേപം തന്നോട് പറഞ്ഞിരുന്നു. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നതായി വിമര്‍ശനവും എഡിഎമ്മിനെതിരെ ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ ഇതെല്ലാം ചൂണ്ടിക്കാണിക്കുകയാണുണ്ടായത്. ചടങ്ങില്‍ പറഞ്ഞതെല്ലാം സദുദ്ദേശ്യത്തോടെയുള്ള കാര്യങ്ങളാണ്. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കും. പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ടെന്നും അതുകൊണ്ട് മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ദിവ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്.
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു.