അരികുവല്‍ക്കരിക്കപ്പെട്ട ഇന്ത്യയിലെ മുസ്ലിങ്ങളുടെ വിദ്യഭ്യാസ മുന്നേറ്റത്തിന് വേണ്ടി സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച പരിഹാര മാര്‍ഗങ്ങളിലൊന്നായിരുന്നു മദ്‌റസകളുടെ ആധുനികവല്‍ക്കരണെന്ന് ഐ എസ് എം കേരള ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. മതവിജ്ഞാനത്തോടൊപ്പം സ്‌കൂള്‍ പാഠവിഷയങ്ങള്‍ കൂടി മദ്‌റസയിലൂടെ നല്‍കുക എന്നതാണ് പ്രസ്തുത നിര്‍ദേശത്തിലൂടെ സച്ചാര്‍ കമ്മിറ്റി മുന്നോട്ട് വെച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രവും, ഭാഷയും, ഗണിതവുംമെല്ലാം ഉത്തരേന്ത്യയിലെ മദ്‌റസകളിലെ സിലബസിലുള്‍പ്പെട്ടു. അത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കുവാനും, ലൈബ്രറി – കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍ ഒരുക്കുവാനുമെല്ലാം കേന്ദ്ര സര്‍ക്കാരും, ന്യൂനപക്ഷ വകുപ്പിന് കീഴിലെ ചില സമിതികളും ഫണ്ടനുവദിക്കുകയും ചെയ്തു.
ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തിന്റെ ഭൗതികവും ബൗദ്ധികവുമായ ഉയര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടിയുള്ള ബോധ പൂര്‍വ്വമായ പരിശ്രമങ്ങളാണ് ഇവയെല്ലാം. അതിനാല്‍ തന്നെ
മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്, അവ അടച്ചുപൂട്ടണം തുടങ്ങിയ ദേശീയ ബാലാവകാശ കമ്മീഷന്റെ നീക്കങ്ങള്‍
ഒരേ സമയം മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസ അവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും നേരെയുള്ള ആസൂത്രിതമായ കടന്നുകയറ്റമായാണ് കാണേണ്ടത്. യോജിച്ച പ്രതിഷേധങ്ങള്‍ അനിവാര്യമാണെന്നും ഷുക്കൂര്‍ സ്വലാഹി.

