ന്യൂഡല്‍ഹി: പഞ്ചാബില്‍ വാക്കേറ്റത്തിനിടെ ആംആദ്മി പാര്‍ട്ടി നേതാവിന് വെടിയേറ്റു. ഫസില്‍ക്ക ജില്ലയിലെ ജലാലാബാദിലാണ് ശിരോമണി അകാലിദള്‍ നേതാക്കളുമായുണ്ടായ സംഘര്‍ഷത്തില്‍ നേതാവിന് വെടിയേറ്റത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആംആദ്മി സ്ഥാനാര്‍ഥി മന്‍ദീപ് സിങിനാണ് നെഞ്ചിന് വെടിയേറ്റത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്ലോക്ക് ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്ത് ഓഫീസറുടെ കാര്യാലയത്തിന് പുറത്തായിരുന്നു സംഭവം. മുന്‍ എംപി സോറ സിങ് മന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനി മന്‍ ആണ് വെടിവച്ചത്. ഒരു സ്‌കൂളിന്റെ ഫയലുമായി ബന്ധപ്പെട്ട വിഷയത്തിന് പഞ്ചായത്തിലെത്തിയ വര്‍ദേവിന്റെ ആവശ്യം ഉദ്യോഗസ്ഥന്‍ നിരാകരിച്ചു. തുടര്‍ന്ന് അകാലി ദള്‍ നേതാക്കള്‍ ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോയി. പുറത്തുണ്ടായിരുന്ന മന്‍ദീപുമായി തര്‍ക്കം ഉടലെടുത്തു. ഇതേ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.