kerala Kerala kerala politics

ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ 75000 രൂപ ചെലവായെന്ന കണക്കില്‍ എന്ത് വിശ്വാസ്യതയാണുള്ളത്? മെമ്മോറാണ്ടം തയാറാക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം; വി ഡി സതീശന്‍

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ സാമാന്യ ബുദ്ധിക്ക് പോലും നിരക്കാത്ത കണക്കുകളാണ് സര്‍ക്കാര്‍ തയ്യാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സാമാന്യയുക്തിക്ക് പോലും നിരക്കാത്ത കണക്കുകള്‍ എഴുതി വെച്ചാല്‍ ഇതെല്ലാം കണ്ടു പരിചയിച്ച കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇത് ഗൗരവത്തിലെടുക്കുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു. മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെ അല്ല. ഇങ്ങനെ മെമ്മോറാണ്ടം നല്‍കിയാല്‍ കിട്ടേണ്ട തുക കൂടി കിട്ടില്ല. ശ്രദ്ധയോട് കൂടി മെമ്മോറാണ്ടം തയാറാക്കിയാല്‍ തന്നെ ഇതിനേക്കാള്‍ തുക ന്യായമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വാങ്ങിച്ചെടുക്കാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പുറത്തു വന്നത് മെമ്മോറാണ്ടം നല്‍കിയതിലെ കണക്കാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്. എന്നാല്‍പ്പോലും ഇതില്‍ വലിയ അപാകതകളുണ്ടായി. വിശ്വാസത്തിന് ഭംഗമുണ്ടായി. ആരാണ് ഇത്തരത്തിലൊരു മൊമ്മോറാണ്ടം തയ്യാറാക്കി കൊടുക്കാന്‍ പ്രവര്‍ത്തിച്ചത് എന്നു കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. 1600 കോടിയുടെ കണക്കാണ് നല്‍കിയിട്ടുള്ളത്. പുനരധിവാസം, വീടു നിര്‍മ്മാണം അടക്കമുള്ള വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 2000 കോടിയുടെ പദ്ധതി തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാര്‍ പുനരാലോചന നടത്തണം. പുനര്‍ചിന്തനം നടത്തി, ആളുകളെ മാറ്റി താമസിക്കുന്നത്, മുന്നറിയിപ്പ് സംവിധാനം ഒരുക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ കൂടി പരിഗണിച്ച്, എസ്ഡിആര്‍എഫ് റൂള്‍ അനുസരിച്ച് പുതിയ മെമ്മോറാണ്ടം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ദുരന്തത്തില്‍പ്പെട്ടവരെ സംസ്‌കരിക്കുന്നതിന് ഭൂമി അവിടത്തെ എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റും മകനും ചേര്‍ന്ന് വിട്ടു നല്‍കുകയായിരുന്നു. കുഴി കുഴിക്കുന്നത് അടക്കം സന്നദ്ധപ്രവര്‍ത്തകരാണ് ചെയ്തത്. എന്നിട്ടും ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപയായി എന്നു പറയുന്നത് എന്തു കണക്കാണ്?. വൊളണ്ടിയര്‍മാര്‍ക്ക് ഭക്ഷണം കൊടുത്തത് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷനും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാണ്. മെമ്മോറാണ്ടം തയ്യാറാക്കിയതില്‍ തന്നെ വലിയ അപാതകയാണ് ഉണ്ടായത്. എസ്ഡിആര്‍എഫ് ചട്ടപ്രകാരമല്ല മെമ്മോറാണ്ടം തയ്യാറാക്കിയത്. എവിടെയോ ആരോ തയ്യാറാക്കിയതാണ്. അങ്ങനെയല്ല ഒരു സംസ്ഥാന സര്‍ക്കാര്‍ കൊടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വയനാട് ദുരിതാശ്വാസത്തിന്റെ പുറത്ത് ഒരു വിവാദം ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. വിവാദത്തിന്റെ പുറത്ത് പണം കിട്ടാതെ പോകരുത്. അതുകൊണ്ടു തന്നെ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിനായി വരുന്ന തുക പ്രത്യേകം അക്കൗണ്ടായി സൂക്ഷിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. വരുന്ന പൈസ വെബ്സൈറ്റിലില്‍ ഇട്ടാല്‍ മതി. അതില്‍ നിന്നും ഓരോ ദിവസവും ചെലവഴിക്കുന്ന പണം വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ ആളുകള്‍ക്കിടയില്‍ അവിശ്വാസം ഉണ്ടാകില്ലായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആളുകള്‍ തലയില്‍ കൈ വയ്ക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ മെമ്മോറാണ്ടം തയാറാക്കിയത്. സാധാരണക്കാരന്റെ യുക്തിക്ക് പോലും നിരക്കാത്ത കണക്ക് എഴുതി വച്ചാല്‍ മെമ്മോറാണ്ടം പരിശോധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഗൗരവത്തിലെടുക്കുമോ? ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയാറാകണം. 2000 കോടിയുടെയെങ്കിലും ദുരിതാശ്വാസ പ്രവര്‍ത്തനം വയനാട്ടില്‍ നടത്തേണ്ടി വരും. ഇത് ചൂണ്ടിക്കാട്ടി എസ്.ഡി.ആര്‍.എഫ് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മെമ്മോറാണ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ തയാറാക്കേണ്ടത്. മെമ്മോറാണ്ടം തയാറാക്കിയത് ആരാണെന്ന് കണ്ടെത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ശേഷം ധനസഹായം കിട്ടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേന്ദ്ര സഹായം ലഭിക്കാത്തത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു പരാതിയും പറഞ്ഞിട്ടില്ല. സര്‍ക്കാരിന് ഇല്ലാത്ത പരാതി പ്രതിപക്ഷം എങ്ങനെ ഉന്നയിക്കും. സര്‍ക്കാരിന്റെ തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടാനാണെങ്കില്‍ വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളുണ്ട്. എന്നാല്‍ നാട്ടില്‍ ദുരന്തം ഉണ്ടാകുമ്പോള്‍ എല്ലാവരും ഒന്നിച്ച് നിന്ന് സഹായിക്കുന്ന പുതിയൊരു സംസ്‌ക്കാരം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടതും സര്‍ക്കാരുമായി സഹകരിച്ചതും. കേന്ദ്ര സര്‍ക്കാര്‍ പണം തന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് പരാതിയില്ല. ധനസഹായത്തിന് മുന്നോടിയായുള്ള തുക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാറുണ്ട്. എന്നാല്‍ അത് കിട്ടിയിട്ടില്ല. കിട്ടിയില്ലെന്ന പരാതി സംസ്ഥാന സര്‍ക്കാരിനുമില്ല. സര്‍ക്കാരിന് പരാതി ഇല്ലാത്ത സാഹചര്യത്തില്‍ പ്രതിപക്ഷം എന്തിനാണ് പരാതി പറയുന്നത്?

ഹൈക്കോടതി വിധിയിലൂടെയാണ് സര്‍ക്കാര്‍ തയാറാക്കിയ മെമ്മോറാണ്ടം പുറത്തു വരുന്നത്. മെമ്മോറാണ്ടം മാധ്യമങ്ങള്‍ ഉണ്ടാക്കിയെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഇങ്ങെയാണ് മെമ്മോറാണ്ടം തയാറാക്കുന്നതെങ്കില്‍ അതില്‍ നിരവധി പാളിച്ചകളുണ്ട്.

ഓണത്തിന് കൂടുതല്‍ സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാത്തിനാല്‍ നിരവധി പേരാണ് കഷ്ടപ്പെടുന്നത്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ സംസ്ഥാന സര്‍ക്കാരിന്റെയും റെയില്‍വെയുടെയും ഭാഗത്ത് നിന്നുണ്ടാകണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!