മുംബൈ: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാപ്പര്‍ഹിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ പി ജി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പ്രതികള്‍ ആരുമാകട്ടെ അവര്‍ക്ക് ശിക്ഷ ഉറപ്പാക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പ്രതികള്‍ മാപ്പര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരുകളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ നടന്ന ലഖ്പതി ദീദി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.