അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പതിനൊന്നാം ദിവസമായ ഇന്നും തുടരും. ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിന് കനത്ത വെല്ലുവിളിയാകുന്നത്. അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രമാകും നേവിയുടെ സ്‌കൂബ ഡൈവര്‍മാര്‍ പുഴയിലിറങ്ങുക.
പുഴയില്‍ അടിയൊഴുക്ക് ഇന്നലെ 6 നോട്‌സായിരുന്നു. മൂന്നു നോട്‌സില്‍ താഴെയാണെങ്കില്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താനാകൂ. അതിശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമാകുന്നതായി നേവി അറിയിച്ചു. ഷിരൂരില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. ഉത്തര കന്നഡ ജില്ലയില്‍ ഇന്ന് മുതല്‍ മൂന്നു ദിവസം ഓറഞ്ച് അലര്‍ട്ടാണ്.