തിരുവനന്തപുരത്ത് മൂന്ന് വയസുകാരനോട് കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ദേഹമാസകലം പൊള്ളിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം നടന്നത്. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഈ മാസം 24 നായിരുന്നു കുട്ടിക്കെതിരെ ആക്രമണം നടന്നത്. അമ്മയുടെ രണ്ടാനച്ഛൻ കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് പൊള്ളിച്ചത്. ജോലിക്ക് പോയതിനാൽ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏൽപ്പിക്കുകയായിരുന്നു. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത് പറയുന്നു. ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അഭിജിത് ആരോപിക്കുന്നു.