ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ കൂടുതൽ പരാതികൾ. കൈക്കൂലി വാങ്ങിയെന്നും തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നവകേരളസദസ്സിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം നവകേരള സദസില്‍ പരാതി കൈപ്പറ്റിയെന്ന രസീത് വന്നെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ഹരിപ്പാട് ദേവി കുളങ്ങര സ്വദേശി റോബിൻ രവികൃഷ്ണൻ ആയിരുന്നു നവകേരള സദസില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. റോബിന്റെ പിതാവിന്റെ ചികിത്സക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം.ഹരിപ്പാട് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ഗുരുതര ആരോപണവുമായി രോഗിയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗതെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രി സൂപ്രണ്ടിനെതിരെ വീണ്ടും സമാനമായ പരാതി നല്‍കിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി റോബിൻ രവികൃഷ്ണൻ രംഗത്തെത്തിയത്. അതേസമയം, സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇടപെട്ടു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ കൈക്കൂലി പരാതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആരോഗ്യമന്ത്രി നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുക്കും.ആശുപത്രി സൂപ്രണ്ട് കൈക്കൂലി വാങ്ങിയെന്നും, തുക കുറഞ്ഞതിനാൽ രോഗിയെ നോക്കിയില്ലെന്നുമാണ് കാലിന് മൈനര്‍ ശസ്ത്രക്രിയ നടത്താനെത്തിയ ഹരിപ്പാട് സ്വദേശി അനിമോന്റെ ഭാര്യ ആരോപിച്ചത്. ശസ്ത്രക്രിയയ്ക്ക് മുൻപ് കൈക്കൂലി നൽകിയെന്നും ശസ്ത്രക്രിയക്ക് ശേഷം കൂടുതൽ തുക കൈക്കൂലി ആവശ്യപ്പെട്ടെന്നും പറഞ്ഞ അനിമോന്റെ ഭാര്യ ബീന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തുക നൽകാതിരുന്നതിനാൽ ഡോക്ടര്‍ ഭര്‍ത്താവിനെ തിരിഞ്ഞുനോക്കിയില്ലെന്നും കുറ്റപ്പെടുത്തി.തന്റെ ഫീസ് അതല്ലെന്ന് പറഞ്ഞാണ് സൂപ്രണ്ട് കൂടുതൽ തുക ആവശ്യപ്പെട്ടതെന്ന് ബീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ബീന പരാതി നൽകിയിട്ടുണ്ട്.എന്നാൽ, ആരോപണം നിഷേധിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനിൽ രംഗത്തിയിരുന്നു. ശസ്ത്രക്രിയ നടന്നതിന്റെ തൊട്ടടുത്ത ദിവസം രാവിലെ മീറ്റിംഗ് ഉണ്ടായിരുന്നുവെന്നും അതിനാലാണ് രോഗിയെ കാണാൻ വൈകിയതെന്നുമാണ് ഡോ സുനിൽ പറയുന്നത്. കൈക്കൂലി വാങ്ങിയെന്ന ആരോപണവും അദ്ദേഹം തള്ളിയിരുന്നു.