കുന്ദമംഗലം : വിനോദ സഞ്ചാരത്തിന് ഇന്ത്യയിലെത്തുകയും ഒറ്റപ്പെട്ടുപോകുകയും ചെയ്ത വിദേശ പൗരനെ സഹായിച്ച സാമൂഹ്യ പ്രവർത്തകൻ നൗഷാദ് തെക്കയിലിന് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അഭിനന്ദനം. ഒറ്റപെട്ടുപോയ 66കാരനായ ഫ്രഞ്ച് പൗരൻ ഷോഗ് ഐസയെയാണ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ഡിസംബറിൽ പ്രവേശിപ്പിച്ചത്. ഇതറിഞ്ഞ് സാമൂഹിക പ്രവർത്തകൻ നൗഷാദ് തെക്കയിലും സഹപ്രവർത്തകരും ചേർന്ന് ഫ്രഞ്ച് ഭാഷ അധ്യാപകനെ കൊണ്ടു വന്ന് വിദേശ പൗരനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും മുഖ്യമന്ത്രിയേയും എംബസിയേയും ബന്ധപ്പെടുകയും ചെയ്തു. പിന്നീട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിൽ ഇടപെടുകയും ഷോഗിനെ ബന്ധുക്കളുടെ അടുത്തേക്ക് അയക്കുകയും ചെയ്തിരുന്നു. ഷോഗിന് വേണ്ട പരിചരണം നൽകുകയും ബന്ധപ്പെട്ട അധികൃതരെ കൃത്യമായി വിവരം അറിയിക്കുകയും ചെയ്തതിനാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നൗഷാദിനെ അഭിനന്ദിച്ചത്. ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ദാസ് അഭിനന്ദന കത്ത് കൈമാറി.