രണ്ടായിരം കോടി രൂപയുടെ രാജ്യാന്തര ലഹരിക്കടത്ത് കേസില്‍ തമിഴ് സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താനെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യംചെയ്തു. എന്‍സിബി സമന്‍സ് അനുസരിച്ച് ഡല്‍ഹി ഓഫീസിലാണ് മൊഴിയെടുപ്പ്. നേരത്തേ അറസ്റ്റിലായ ഡിഎംകെ നേതാവ് ജാഫര്‍ സാദിഖ് നിര്‍മിക്കുന്ന ‘ഇരൈവന്‍ മിഗ പെരിയവന്‍’ എന്ന പുതിയ ചിത്രത്തിന്റെ സംവിധായകനാണ് അമീര്‍. ജാഫര്‍ സാദിഖിന്റെ അറസ്റ്റോടെ ചിത്രത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. ലഹരിക്കടത്ത് സംഘവുമായുള്ള ജാഫറിന്റെ ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും കുറുക്കുവഴിയില്‍ പണമുണ്ടാക്കുന്നവരുമായി സഹകരിക്കില്ലെന്നും അമീര്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പരുത്തിവീരന്‍, മൗനം പേസിയതേ, രാം, ആദി ഭഗവാന്‍, ജിഹാദ് എന്നീ സിനിമകളുടെ സംവിധായകനായ അമീര്‍ സുല്‍ത്താന്‍ അഞ്ച് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഇപ്പോള്‍ ചിത്രീകരണം തുടങ്ങുന്ന നാല് സിനിമകളടക്കം 14 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മായാവലൈ, നാര്‍ക്കലി, വാടിവാസല്‍ എന്നീ സിനിമകളിലും നിലമെല്ലാം രത്തം എന്ന സീരീസിലുമാണ് ഇപ്പോള്‍ അമീര്‍ അഭിനയിക്കുന്നത്.