തിരുവനന്തപുരം: തമിഴ് സൂപ്പര്‍താരം വിജയ് യുടെ കാര്‍ ആരാധകരുടെ ആവേശത്തില്‍ തകര്‍ന്നു. ആരാധകരുടെ ആവേശം അതിരു വിട്ടതിനെ തുടര്‍ന്ന് താരത്തിന്റെ കാറിന്റെ ചില്ലുകള്‍ തകരുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. തകര്‍ന്ന കാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് താരം തിരുവനന്തപുരത്തെത്തിയത്. എത്തുന്ന സമയം മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ രാവിലെമുതല്‍ വിമാനത്താവളത്തിനു മുന്നില്‍ ആരാധകര്‍ കാത്തു നിന്നിരുന്നു. ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ വിജയ് സ്വകാര്യ സുരക്ഷാഭടന്മാരുടെ കാവലിലാണ് പുറത്തേക്കിറങ്ങിയത്. കാറിന്റെ സണ്‍റൂഫ് തുറന്ന് വിജയ് ആരാധകരെ അഭിവാദ്യം ചെയ്തതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി. പൊലീസ് എത്തി ആരാധകരെ നിയന്ത്രിച്ചതോടെയാണ് കാര്‍ മുന്നോട്ടെടുക്കാനായത്.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ടി’ന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായാണ് താരം തലസ്ഥാനത്ത് എത്തിയത്. 23 വരെ തിരുവനന്തപുരത്തുണ്ടാകും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം, ശംഖുംമുഖം തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍.