വിമർശനങ്ങളുയുരന്നതിനിടയിലും പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തം മൊബൈൽ നമ്പറും ഇമെയിലും നിർബന്ധമാണ്. പൗരത്വം ലഭിക്കാൻ വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. ഓൺലൈനായി സമർപ്പിച്ച ഇന്ത്യയിലുള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവർ ഇന്ത്യൻ കോൺസുലർ ജനറലിന് അപേക്ഷ സമർപ്പിക്കണം.വ്യക്തിയുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു. വലിയ വിമർശനമുയരുമ്പോഴും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്രസര്‍ക്കാര്‍ നേട്ടമാക്കി ഉയർത്തിക്കാട്ടുകയാണ് ബിജെപി. മോദിയുടെ ഗ്യാരണ്ടി നടപ്പാകുമെന്നതിന് തെളിവാണിതെന്നാണ് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞത്. ഇന്ത്യയിൽ കഴിയുന്ന ലക്ഷകണക്കിന് അഭയാർത്ഥികൾക്ക് സഹായമാകുന്ന നടപടിയാണിത്. കേന്ദ്ര സർക്കാറിന് ഇതിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.