തിരുവനന്തപുരം: കെ.കരുണാകരന്റെ മകള്‍ പത്മജവേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മോദിയുടെ ഭരണത്തില്‍ ആകൃഷ്ടരായി പലരും ബി.ജെ.പിയിലെത്തുന്നുണ്ട്. നേരത്തെ എ.കെ.ആന്റണിയുടെ മകന്‍ വന്നു. ഇപ്പോള്‍ കേരളത്തിന്റെ ലീഡര്‍ കരുണാകരന്റെ മകള്‍ തന്നെ പാര്‍ട്ടിയിലെത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും വര്‍ഗീയ കക്ഷികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനത്തേയും എതിര്‍ക്കാന്‍ ഇവിടെ ബി.ജെ.പി മാത്രമേയുള്ളുവെന്ന സ്ഥിതി വരാന്‍ പോവുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുമ്പ് സി.പി.എമ്മിലേക്ക് പോയവരാണ് പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ വിമര്‍ശിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഇ.ഡിയെ പേടിച്ചാണ് പത്മജ ബി.ജെ.പിയില്‍ പോകുന്നതെന്ന് വിമര്‍ശിച്ചയാള്‍ മുമ്പ് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു.