തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് വീട്ടില്‍ പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് നയാസിനെതിരെ നരഹത്യാകുറ്റം ചുമത്തും. അക്യുപങ്ചര്‍ ചികിത്സ നല്‍കിയ ബീമാപള്ളിയില്‍ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് സ്വദേശി ശിഹാബിനെ പ്രതിയാക്കണമോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. ഗുരുതര കുറ്റകൃതമാണ് സംഭവിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിനിടെ പൂന്തുറ സ്വദേശി നയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാര്‍ഡ് കൗണ്‍സിലര്‍ ദീപിക രംഗത്തുവന്നു. ആദ്യത്തെ പ്രസവങ്ങള്‍ സിസേറിയന്‍ ആയതിനാല്‍ പല തവണ അപകട മുന്നറിയിപ്പു നല്‍കിയിട്ടും നയാസ് ഗൗനിച്ചില്ലെന്ന് ദീപിക ആരോപിച്ചു. യുട്യൂബ് നോക്കി സാധാരണ പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും ദീപിക വെളിപ്പെടുത്തി.
ആധുനിക ചികിത്സ നല്‍കാതെ വീട്ടില്‍ പ്രസവിക്കാന്‍ ഭര്‍ത്താവ് നയാസ് ഷമീറയെ നിര്‍ബന്ധിച്ചതായി പൊലീസ് വെളിപ്പെടുത്തി. ചികിത്സ നല്‍കാന്‍ ആവശ്യപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരോടു നയാസ് മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഷമീറ ഇതിനു മുന്‍പ് രണ്ടു കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയിരുന്നു. ഇതു രണ്ടും സിസേറിയനിലൂടെയായിരുന്നു. ഇതിനു പിന്നാലെ മൂന്നാമതും ഗര്‍ഭിണിയായപ്പോള്‍ ആധുനിക ചികിത്സ വേണ്ടെന്നും അക്യുപങ്ചര്‍ ചികിത്സ മതിയെന്നും ഭര്‍ത്താവ് നയാസാണ് തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു.
അതേസമയം, നയാസിന്റെ രണ്ടാം ഭാര്യയാണ് ഷമീറ ബീവിയെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാളുടെ ആദ്യഭാര്യയിലെ മകള്‍ അക്യുപങ്ചര്‍ ചികിത്സ പഠിക്കുന്നുണ്ട്. ഷമീറ ബീവിയുടെ പ്രസവസമയത്ത് ഈ മകളും സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. ഇവര്‍ ഉള്‍പ്പെടെ പ്രസവസമയത്ത് സ്ഥലത്തുണ്ടായിരുന്ന ബന്ധുക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.