കൊച്ചി: ടി.പി. വധക്കേസിലെ സി.പി.എമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടെന്നും ഏറ്റവും നല്ല വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും കെ.കെ. രമ പ്രതികരിച്ചു. മുകളിലുള്ളവരുടെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരും. വലിയ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കേസിലുണ്ടായി. അഞ്ച് മാസം സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് അംഗം ഭാസ്‌കരന്‍ കൊച്ചിയിലെത്തി കേസിന് മേല്‍നോട്ടം വഹിച്ചു. സി.പി.എമ്മാണ് കേസ് നടത്തിയത്. കൊലയാളികള്‍ക്ക് വേണ്ടിയുള്ള കേസും പാര്‍ട്ടിയാണ് നടത്തുന്നത്. സി.പി.എമ്മിന്റെ പങ്കാണ് ഹൈക്കോടതി തെളിയിച്ചിട്ടുള്ളത്.
അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ വെട്ടിക്കൊന്നത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിക്കണം. അതിന് കൂടിയുള്ള താക്കീതാണ് ഹൈകോടതി വിധി. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനനെ വെറുതെവിട്ട നടപടിക്കെതിരെ അപ്പീല്‍ നല്‍കും. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാന്‍ ഹൈകോടതി തീരുമാനിച്ചത് ആശ്വാസകരമാണ്. രണ്ട് പ്രതികളും കൊലപാതക ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കളാണെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.