ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് നാളെ ഉച്ചവരെ നല്കിയ അവധി പിന്‍വലിച്ച് എയിംസ്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തും. അത്യാഹിത വിഭാഗങ്ങള്‍ക്ക് അവധി ബാധകമല്ലെന്നും അധികൃതര്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ പിന്നീട് നടത്തും. വിമര്‍ശനങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവധി പിന്‍വലിച്ചത്.
22ന് ഉച്ചയ്ക്ക് 2.30 വരെയാണ് ആശുപത്രി ജീവനക്കാര്‍ക്ക് അവധിയെന്ന് നേരത്തെ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്നും എയിംസ് സര്‍ക്കുലറിലൂടെ അറിയിച്ചു.
ഓഹരി വിപണികള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും. പകരം ശനിയാഴ്ച ഓഹരി വിപണികള്‍ പ്രവര്‍ത്തിക്കും. മണി മാര്‍ക്കറ്റ്, വിദേശ വിനിമയം, ഗവണ്മെന്റ് സെക്യൂരിറ്റിസ് സെറ്റില്‍മെന്റ് എന്നീ ഇടപാടുകള്‍ക്കെല്ലാം 22ന് അവധിയാണ്.
ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കും 22ന് സമ്പൂര്‍ണ്ണ അവധിയായിരിക്കും. പ്രതിഷ്ഠ ദിനത്തോട് അനുബന്ധിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതുവരെ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.