ദില്ലി: ട്രെയിൻ യാത്രാ ടിക്കറ്റ് ബുക്കിങ്ങിലെ വെയ്റ്റിങ് ലിസ്റ്റ് സിസ്റ്റം പൂർണമായി ഒഴിവാക്കാൻ നീക്കവുമായി റെയിൽവേ മന്ത്രാലയം. കൂടുതൽ സ്ലീപ്പർ-ജനറൽ കോച്ചുകളുമായി കൂടുതൽ ട്രെയിനുകൾ കൊണ്ടുവന്നാണ് വെയിറ്റിങ് ലിസ്റ്റ് ഒഴിവാക്കുക. പുതുതായി 3,000ത്തോളം ട്രെയിനുകൾ കൂടി റെയിൽ വേ മന്ത്രാലയം അനുവദിച്ചേക്കും. അടുത്ത അഞ്ചു വർഷത്തിനിടയിൽ എല്ലാവർക്കും ടിക്കറ്റ് ലഭ്യമാക്കുക എന്നതാണു മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് വാർത്താ ഏജൻസിയായ ‘എ.എൻ.ഐ’ റിപ്പോർട്ട് ചെയ്യുന്നു. ട്രെയിൻ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ച സാഹചര്യത്തിലാണു പുതിയ നീക്കം. കഴിഞ്ഞ ഏപ്രിലിനും ഒക്ടോബറിനും ഇടയിലുള്ള വിവരം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു ആലോചനയിലേക്കു മന്ത്രാലയം കടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38 കോടി യാത്രക്കാരാണ് ഇത്തവണ കൂടിയത്ആകെ യാത്രക്കാരിൽ 4.7 ശതമാനമാണ് എ.സി കോച്ചുകളിൽ യാത്ര ചെയ്യുന്നത്. ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ ഇത് 18.2 കോടി പേർ ഇതുവഴി യാത്ര ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് 3.1 യാത്രക്കാരാണു വർധിച്ചത്. ഇതുകൂടി കൂട്ടി 41.1 കോടി യാത്രക്കാരാണ് ഇത്തവണ വർധിച്ചത്. ബജറ്റ് സൗഹൃദ യാത്രയ്ക്കാണു ജനങ്ങൾ പ്രാമുഖ്യം നൽകുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ട്രെയിനുകൾ അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കാൻ മന്ത്രാലയം ഇടപെടുന്നത്.