നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പൂക്കോട്, തൈക്കാട്, ഗുരുവായൂർ കൃഷിഭവൻ പരിധികളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച കദളിവാഴ കൃഷി വൻ വിജയം. പദ്ധതിയുടെ മുൻസിപ്പൽ തല വിളവെടുപ്പ് ഉദ്ഘാടനം സെൻറ് തോമസ് പള്ളി അങ്കണത്തിൽ വെച്ച് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു. വിളവെടുപ്പിലെ ആദ്യത്തെ കദളിക്കുല ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോക്ടർ വിജയന് സെൻറ് തോമസ് പള്ളി വികാരി ഫാ: ജെയിംസ് ഇഞ്ചോടിക്കാരൻ സമ്മാനിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിവേദ്യങ്ങൾക്കും മറ്റും ആവശ്യമുള്ള പഴങ്ങൾ ഗുരുവായൂർ പ്രദേശത്തുതന്നെ വിളയിച്ചെടുക്കുക അതിലൂടെ ഈ പ്രദേശത്തെ കർഷകരുടെ കാർഷികാദായം വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കദളീവനം പദ്ധതി. വിളവെടുപ്പിന് സമയമായതോടെ കദളിപ്പഴങ്ങൾ സംഭരിക്കാൻ ഗുരുവായൂർ ദേവസ്വം നടപടികള്‍ തുടങ്ങി. തങ്ങളുടെ വിളയ്ക്ക് മികച്ച വില ലഭിക്കുന്നതിലും അത് ഗുരുവായൂർ ക്ഷേത്രാവശ്യത്തിലേക്കാണ് കൊണ്ടുപോകുന്നതിലും വലിയ സന്തോഷത്തിലാണ് കദളി കർഷകർ. ആദ്യ പദ്ധതി വിജയിച്ചതോടെ തുടർ വർഷങ്ങളിലും കദളിവനം പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ് ഗുരുവായൂർ നഗരസഭ.. ജനകീയ ആസൂത്രണം 2022 -23 വാർഷിക പദ്ധതിയിൽ മൂന്നുലക്ഷം രൂപ വകയിരുത്തി, 15 ക്ലസ്റ്ററുകളിൽ 1000 കദളി വാഴ തൈകളാണ് കൃഷി ചെയ്തത്. ഈ വർഷവും പദ്ധതിക്കായി തുക വകയിരുത്തിയിട്ടുണ്ട്. പള്ളി അങ്കണത്തിൽ നടന്ന വിളവെടുപ്പ് ചടങ്ങിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം എഷഫീർ, സ്ഥിരം സമിതി അധ്യക്ഷ ശ്രീമതി ബിന്ദു അജിത് കുമാർ, വാർഡ് കൗൺസിലർമാരായ ഷിൽവ ജോഷി, കെ പി റഷീദ് , രഹിത പ്രസാദ്, അജിത ദിനേശൻ ,അജിത അജിത്, കൃഷി ഓഫീസർമാരായ ശശീന്ദ്ര എം, രജീന വി സി എന്നിവർ പങ്കെടുത്തു.