തീരശോഷണം, കടൽക്ഷോഭം, വെള്ളപ്പൊക്കം തുടങ്ങി കടലോരമേഖലയിലുള്ളവർ അനുഭവിക്കുന്ന കാലാവസ്ഥാ കെടുതികൾ കുറയ്ക്കാൻ ക്ലൈമറ്റ് സ്മാർട് വില്ലേജുകൾ ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കെടുതികൾ അനുഭവിക്കുന്ന ഗ്രാമങ്ങളെ ദത്തെടുത്ത് ബദൽ ഉപജീവനമാർഗങ്ങളിൽ പരിശീലനവും അവബോധവും നൽകുന്നതാണ് ക്ലൈമറ്റ് സ്മാർട് വില്ലേജ് പദ്ധതി.ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) നേതൃത്വത്തിൽ ചെന്നൈയിൽ നടന്ന ആഗോള സമുദ്രമത്സ്യ കാലാവസ്ഥാ കോൺക്ലേവിൽ സിഎംഎഫ്ആർഐ അവതരിപ്പിച്ച റിപ്പോർട്ടിലാണ് നിർദേശങ്ങൾ.തീരദേശമേഖലയിൽ വർധിച്ചുവരുന്ന ജലജന്യരോഗങ്ങൾ നിയന്ത്രിക്കാൻ ജലഗുണനിലവാര പരിശോധന ക്ലിനിക്കുകളാണ് സിഎംഎഫ്ആർഐ നിർദേശിക്കുന്നത്. വർധിച്ചുവരുന്ന ചുഴലിക്കാറ്റും അതിനെ തുടർന്നുള്ള കടൽക്ഷോഭങ്ങളും കാരണമായി ഉണ്ടാകുന്ന വെള്ളപ്പൊക്കമാണ് രോഗബാധക്ക് കാരണമാകുന്നത്. സമുദ്രോപരിതല ഊഷ്മാവ് കൂടുന്നതിനെ തുടർന്ന് കടലിൽ സൂക്ഷ്മാണുക്കളുടെ തോത് കൂടുന്നതും ജലജന്യരോഗങ്ങൾക്ക് വഴിയൊരുക്കുന്നു. കടൽക്ഷോഭവും തീരദേശപ്രളയങ്ങളും മലിനമായ ജലം മേഖലയിൽ വ്യാപിക്കാൻ ഇടവരുന്നുണ്ടെന്നും സിഎംഎഫ്ആർഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.കാലവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് തീരദേശജനതയാണ്. ചുഴലിക്കാറ്റ്, തീരശോഷണം തുടങ്ങിയവ ഉപജീവനത്തിനൊപ്പം മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുണ്ട്. വരുമാന നഷ്ടം, സ്വത്ത് നഷ്ടം, ആരോഗ്യപ്രശ്നങ്ങൾ എന്നീ പ്രതിസന്ധികൾ കാരണം വലിയ സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടാണ് മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്നത്. ക്ലൈമറ്റ് സ്മാർട്ട് വില്ലേജുകൾ പോലുള്ള പദ്ധതികൾ കെടുതികളുടെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് റിപ്പോർട്ട് അവതരിപ്പിച്ച സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി പരിസ്ഥിതി മാനേജ്മെന്റ് വിഭാഗം മേധാവി ഡോ ഗ്രിൻസൻ ജോർജ് പറഞ്ഞു.നേരത്തെ കണ്ടുവന്നിരുന്ന പ്രദേശങ്ങളിൽ നിന്നും മറ്റു മേഖലകളിലേക്ക് ചില വാണിജ്യപ്രധാന മത്സ്യങ്ങളുടെ മാറ്റം, കടൽമീനുകളുടെ ഉൽപാദനക്ഷമതിയുള്ള കുറവ്, പവിഴപ്പുറ്റുകളുടെ നശീകരണം തുടങ്ങിയവ കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടായ പ്രധാനമാറ്റങ്ങളാണ്.കാലാവസ്ഥാപ്രതിസന്ധി നേരിടാൻ മറ്റനേകം പദ്ധതികളും സിഎംഎഫ്ആർഐ നിർദേശിച്ചു. കടൽപായൽ കൃഷി, കൂടുമത്സ്യകൃഷി-കക്കവർഗങ്ങൾ-കടൽപായൽ എന്നിവ സംയോജിപ്പിച്ചുള്ള കൃഷരീതി (ഇംറ്റ), കണ്ടൽവനവൽകരണം എന്നിവ ഇതിൽ പ്രധാനമാണ്. മാത്രമല്ല, ഇതുവരെ മത്സ്യബന്ധനം നടത്താത്ത വിഭവങ്ങളായ ആഴക്കടൽ കൂന്തൽ, ആഴക്കടൽ ചൂര തുടങ്ങിയവ പിടിക്കുന്നതിലൂടെ സമുദ്രമത്സ്യബന്ധനമേഖലയിൽ മെച്ചമുണ്ടക്കാം. നിർമിത ബുദ്ധിയും ഉപഗ്രഹ റിമോട് സെൻസിംഗ് സാങ്കേതികവിദ്യകളുമുപയോഗിച്ചുള്ള മത്സ്യലഭ്യത മുന്നറിയിപ്പുകൾക്കുള്ള സംവിധാനം വികസിപ്പിക്കുന്നതും ഗുണം ചെയ്യുമെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കേന്ദ്ര ഫിഷറീസ് വകുപ്പും ബേ ഓഫ് ബംഗാൾ പ്രോഗ്രാമുമായിരുന്നു (ബിഒബിപി) വ്യാഴാഴ്ച സമാപിച്ച കോൺക്ലേവിന്റെ സംഘാടകർ.