തിരൂര്‍: മുസ്ലിംലീഗിന്റെ ഹരിത പതാക പരലോക വിജയത്തിന് സഹായകരമാകുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. തിരൂര്‍ ആലത്തിയൂര്‍ മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. പ്രതിസന്ധികളില്‍ പതറരുതെന്നും ഹരിത പതാകയുടെ തണല്‍ ഹര്‍ഷിന്റെ തണല്‍ വരെ നയിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. പതറാതെ പാര്‍ട്ടിയില്‍ ഉറച്ച് നില്‍ക്കണം. നമ്മുടെ നേതാക്കന്മാര്‍ ഏല്‍പ്പിച്ച ഈ ഹരിത പതാകയുടെ തണല്‍ നമുക്ക് എന്നുമുണ്ടാകും. ഹര്‍ഷിന്റെ തണലിലേക്ക് വരെ അത് മുസ്ലിം സമുദായത്തെ നയിക്കുമെന്ന് ഉറച്ച് വിശ്വസിച്ചുകൊണ്ട് മുന്നോട്ട് പോകുണമെന്നും’ തങ്ങള്‍ പറഞ്ഞു. സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം വലിയ വിവാദങ്ങളിലേക്ക് വഴിമാറിയ ഘട്ടത്തിലാണ് സാദിഖലി തങ്ങളുടെ ഈ പ്രഖ്യാപനം. സാദിഖലി തങ്ങളുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇടത് എംഎല്‍എ കെ.ടി.ജലീല്‍ രംഗത്തെത്തി.
അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളോ പാണക്കാട് പൂക്കോയ തങ്ങളോ മുഹമ്മദലി ശിഹാബ് തങ്ങളോ ഹൈദരലി തങ്ങളോ പറയാത്ത കാര്യമാണ് ഇപ്പോഴത്തെ ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരിക്കുന്നത്. ലീഗ് ഒരു ആത്മീയപാര്‍ട്ടിയാണ് എന്നാണ് സാദിഖലി തങ്ങള്‍ പറഞ്ഞതിന്റെ വിവക്ഷയെന്നും ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജലീലിന്റെ ഫേസ് ബുക്ക് കുറിപ്പ്
‘പച്ചക്കൊടിയുടെ തണല്‍ ദൈവീക സിംഹാസനത്തിന്റെ തണലിലേക്ക് പരലോകത്ത് വിചാരണാ വേളയില്‍ നയിക്കുമെന്നാണ് സാദിഖലി തങ്ങളുടെ പക്ഷം. അങ്ങിനെയെങ്കില്‍ പച്ചക്കൊടിയുടെ തണലിലല്ലാതെ ജീവിച്ച് മണ്‍മറഞ്ഞവരും ഇപ്പോള്‍ ജീവിക്കുന്നവരുമായ മുസ്ലിങ്ങള്‍ക്കാര്‍ക്കും പരലോകത്ത് ‘അര്‍ഷി’ന്റെ തണല്‍ കിട്ടില്ലെന്നാണോ?
ഏഴുവിഭാഗമാണ് പരലോകത്ത് ദൈവീക സിംഹാസനത്തിന്റെ തണല്‍ കിട്ടുന്നവരുടെ കൂട്ടത്തിലുള്ളത്. അതില്‍ എട്ടാമത്തെ വിഭാഗമായി പച്ചക്കൊടിയുടെ തണലിലുള്ളവരെയും സാദിഖലി തങ്ങള്‍ തന്റെ പ്രത്യേക അധികാരമുപയോഗിച്ച് കൂട്ടിച്ചേര്‍ത്തോ?
പച്ചക്കൊടിയുടെ തണലില്ലാതെ ജീവിച്ച മൗലാനാ അബുല്‍കലാം ആസാദിന് ‘അര്‍ഷിന്റെ’ തണല്‍ കിട്ടില്ലേ? പച്ചക്കൊടിയുടെ തണലില്ലാതെ പണ്ഡിത സൂര്യനായി ജ്വലിച്ച് നിന്ന ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ല്യാര്‍ക്ക് അര്‍ഷിന്റെ തണല്‍ ലഭിക്കുമോ? സി.എന്‍ അഹമദ് മൗലവിക്ക് അര്‍ഷിന്റെ തണല്‍ കിട്ടില്ലേ? വക്കം മൗലവിക്ക് അര്‍ഷിന്റെ തണല്‍ ലഭ്യമാവില്ലേ? ഉള്ളാള്‍ തങ്ങള്‍ക്ക് അര്‍ഷിന്റെ തണല്‍ കിട്ടില്ലേ? മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന് അര്‍ഷിന്റെ തണല്‍ ലഭിക്കില്ലേ? സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ക്ക് അര്‍ഷിന്റെ തണല്‍ അപ്രാപ്യമാകുമോ? എ.പി അബ്ദുല്‍ഖാദര്‍ മൗലവിക്ക് അര്‍ഷിന്റെ തണല്‍ നിഷേധിക്കപ്പെടുമോ?
വിശ്വാസിയായ പുതിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: മുഹമ്മദ് സക്കീറിനെ നിരീശ്വരവാദിയാക്കി എഫ്.ബി പോസ്റ്റിട്ട പ്രമുഖ പണ്ഡിതന്‍ ഡോ: ബഹാവുദ്ദീന്‍ നദ് വി സാഹിബ്, സാദിഖലി തങ്ങളുടെ പ്രസ്താവനയിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍, ഒരു എഫ്.ബി പോസ്റ്റിട്ടാല്‍ നന്നായിരുന്നു’ ജലീല്‍ ഫെയ്‌സ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.