ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിലാണ് ടീം ഇന്ത്യ ഒന്നാമതെത്തി്യത്. മനു ഭാകർ, ഇഷ സിങ്, റിഥം സാങ്വാൻ എന്നിവരടങ്ങിയ ടീമാണ് സ്വർണത്തിലേക്ക് ഷൂട്ട് ചെയ്തത്.1759 പോയിന്റാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. ചൈന വെള്ളിയും ദക്ഷിണ കൊറിയ വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ 590 പോയിന്റ് നേടിയ മനുവും 586 പോയിന്റ് നേടിയ ഇഷയും വ്യക്തിഗത വിഭാഗത്തിൽ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.നേരത്തെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യൻ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗർ സംറ, ആഷി ഛൗക്സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. 1764 പോയിന്റോടെയാണ് ഇന്ത്യയുടെ മെഡൽനേട്ടം. ചൈന സ്വർണവും ദക്ഷിണ കൊറിയ വെങ്കലവും നേടി. ഇതേ ഇനത്തിൽ വ്യക്തിഗത വിഭാഗത്തിൽ സിഫ്റ്റും ആഷി ഛൗക്സേയും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.നിലവിൽ ഇന്ത്യക്ക് 16 മെഡലുകളാണുള്ളത്. നാല് സ്വർണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.