ന്യൂഡല്‍ഹി: ഡല്‍ഹി ജംഗ്പുരയിലെ പ്രമുഖ ജുവലറിയായ ഉംറാവു സിങ് ജുവലറിയില്‍ വന്‍കവര്‍ച്ച. 20-25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍ ജുവലറിയില്‍നിന്ന് കവര്‍ന്നതായാണ് പ്രാഥമികവിവരം. തിങ്കളാഴ്ച ജുവലറിയ്ക്ക് അവധിയായതിനാല്‍ ഞായറാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് സ്ഥാപനം പൂട്ടിപ്പോയ ഉടമ ചൊവ്വാഴ്ച രാവിലെ എത്തി തുറന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ജുവലറിയിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കിയ നിലയിലാണുള്ളത്. സ്‌ട്രോങ് റൂമിന്റെ ഭിത്തിയില്‍ വലിയൊരു ദ്വാരമുണ്ടാക്കിയാണ് ഉള്ളില്‍ പ്രവേശിച്ച് കവര്‍ച്ച നടത്തിയിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിന്റെ ടെറസിലൂടെയാണ് മോഷ്ടാക്കള്‍ ജൂവലറിയില്‍ കടന്നതെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും താഴത്തെ നിലയിലുള്ള സ്‌ട്രോങ് റൂമിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതുകൂടാതെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചസംഘം കൊണ്ടുപോയി. സ്വര്‍ണ, വജ്രാഭരണങ്ങളാണ് കവര്‍ന്നത്. വെള്ളിയാഭരണങ്ങള്‍ കവര്‍ച്ചസംഘം ഉപേക്ഷിച്ചു.
സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പ് രേഖപ്പെടുത്തിയ ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും സൂചന ലഭിക്കുമോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
തിങ്കളാഴ്ച, ഹരിയാണയിലെ അംബാലയിലും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു സഹകരണബാങ്കിന്റെ ഭിത്തി തുരന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ 32 ലോക്കറുകള്‍ തകര്‍ത്ത് ആഭരണങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ന്നത്. തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം അറിഞ്ഞത്.