സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വൻ കുതിപ്പ്. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറുമാസകാലം കൊണ്ട് 1.06 കോടി ആഭ്യന്തര സഞ്ചാരികളാണ് ദൈവത്തിന്റെ സ്വന്തം നാട് കാണാൻ എത്തിയത്. 2022-ല്‍ ഇതേ കാലയളവില്‍ 88.95 ലക്ഷം സഞ്ചാരികളാണ് എത്തിയത്. 20.1 ശതമാനം സഞ്ചാരികളാണ് അധികമായി എത്തിയത്. 2019-ല്‍ ഈ കാലയളവില്‍ എത്തിയത് 89.64 ലക്ഷം വിനോദ സഞ്ചാരികളായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കോവിഡിനു മുന്നേയുള്ള സ്ഥിതി മറികടന്ന് കേരളം മുന്നേറി എന്നതിന്റെ സൂചനയാണിതെന്ന് പൊതുമരാമത്ത് – ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് ജനുവരി മുതല്‍ ജൂണ്‍ വരെ ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. 2.16 ലക്ഷം സഞ്ചാരികളെയാണ് എറണാകുളം ആകര്‍ഷിച്ചത്. 18.01 ലക്ഷം സഞ്ചാരികളുമായി ഇടുക്കിയാണ് രണ്ടാമത്. തിരുവനന്തപുരം (17.21 ലക്ഷം) തൃശ്ശൂര്‍ (11.67 ലക്ഷം),വയനാട് (8,71,664) ജില്ലകളാണ് തുടര്‍ന്നുള്ളത്. 2022-ലെ 1.06 ലക്ഷത്തിനെക്കാള്‍ 171.55 ശതമാനം വര്‍ധനയോടെ 2023-ല്‍ 2.88 ലക്ഷം സഞ്ചാരികളാണ് സംസ്ഥാനത്ത് എത്തിയത്. 2022-ല്‍ 35,168.42 കോടി രൂപ വരുമാനമാണ് വിനോദസഞ്ചാര മേഖലയില്‍നിന്നു ലഭിച്ചത്. 2021-ല്‍ ഇത് 12,285.42 കോടിയുമായിരുന്നു. പുതിയ ടൂറിസം ഉത്പന്നങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരളത്തിനായെന്ന് ടൂറിസം ഡയറക്ടര്‍ പി.ബി നൂഹ് അറിയിച്ചു.