തന്റെ പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിൻറെ ഭാഗമായി ആരാധകർക്ക് സ്നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട.തെരഞ്ഞെടുക്കുന്ന നൂറ് കുടുംബങ്ങൾക്ക് ഒരു ലേശം വീതം നൽകുമെന്ന് വിജയ് ദേവരകൊണ്ട പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ വേദിയിൽ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഖുഷിക്ക് ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് താരം തുക നൽകുന്നത്.
നിരവധി പേരാണ് വിജയ് ദേവരകൊണ്ടയുടെ പ്രഖ്യാപനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇതിനു മുമ്പും ആരാധകർക്കായി ദേവരകൊണ്ട സമ്മാനങ്ങൾ നൽകിയിരുന്നു. ആരാധകർക്കായി വിനോദയാത്രകൾ സംഘടിപ്പിച്ചും ദേവരകൊണ്ട വർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 100 ആരാധകരുടെ മുഴുവൻ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പാണ് ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.
ഖുഷി, വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത നായികാവേഷത്തിൽ എത്തുന്ന ചിത്രം ഒരു റൊമാന്റിക് എന്റർടെയിനറാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.