കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയെന്ന് ആരോപണം.. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഒന്നാം സെമസ്റ്ററിന്റെ ‘ലൈഫ് റൈറ്റിംഗ്’ എന്ന പേപ്പറിലാണ് ആത്മകഥ പഠിക്കാൻ ഉള്ളത്. സിലബസ് രാഷ്ട്രീയവൽക്കരണമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യാപക സംഘടനായ കെപിസിടിഎ ആരോപിച്ചു.ഇന്നലെയാണ് സിലബസ് പുറത്തിറങ്ങിയത്. 9 വര്‍ഷത്തിന് ശേഷമാണ് സിലബസ് പരിഷ്‌കരണം നടക്കുന്നത്. പി ജി ക്ലാസുകള്‍ ആരംഭിച്ച ശേഷമാണ് സിലബസ് പുറത്തുവരുന്നത്. ഓഗസ്റ്റ് 8-നാണ് പി ജി ക്ലാസുകള്‍ ആരംഭിച്ചത്. ഗാന്ധിജി, ഡോ. ബി ആര്‍ അംബേദ്കര്‍, സി കെ ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ ഡല്‍ഹി കേരള ഹൗസില്‍വെച്ച് ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്തത്.ഔദ്യോഗികമായി പുറത്തിറങ്ങും മുൻപാണ് കണ്ണൂർ സർവകലാശാല പിജി സിലബസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഗ്രൂപ്പുകളിൽ സിലബസ് ഉപയോഗിച്ച് ക്ലാസ്സെടുക്കാനും നിർദേശം നൽകിയിരുന്നു. പിജി ക്ലാസുകള്‍ ആരംഭിച്ചിട്ടും സർവകലാശാല കോളേജുകള്‍ക്ക് സിലബസ് നൽകിയിരുന്നില്ല. സർവകലാശാലയിൽ ബോർഡ് ഓഫ് സ്റ്റഡീസ് ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റികളാണ് സിലബസ് തയ്യാറാക്കിയത്. സിലബസ് പുറത്തുവിട്ടത് സർവകലാശാലയുടെ അറിവോടെയല്ലെന്ന് രജിസ്ട്രാർ പറഞ്ഞു.