നടിയെ ആക്രമിച്ച കേസില്‍ അമിക്കസ് ക്യൂറിയായി നിയോഗിച്ച രഞ്ജിത് മാരാരെ സ്ഥാനത്ത് നിന്ന് ഒഴിവാക്കും.ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ കേസിൽ കോടതിയെ സഹായിക്കാനായി കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് മാരാരെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്. അതിജീവിതയും പ്രോസിക്യൂഷനും എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഒഴിവാക്കാന്‍ രഞ്ജിത് മാരാരും അപേക്ഷ നല്‍കി. അമിക്കസ് ക്യൂറിയായി നിയമിച്ചത് ഒഴിവാക്കണമെന്നാണ് അഡ്വ. രഞ്ജിത് മാരാരുടെ ആവശ്യം. ഈ കേസുമായി സഹകരിക്കാന്‍ വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടെന്നും രഞ്ജിത് മാരാര്‍ കോടതിയെ അറിയിച്ചു.
രഞ്ജിത്ത് മാരാര്‍ക്ക് നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അഡ്വ. രഞ്ജിത്ത് മാരാരും ദിലീപും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു.
മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഇത് എതിർത്ത് ദിലീപ് ഹർജി നൽകി. ദിലീപിൻ്റെ ഹർജി നിരാകരിച്ച കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.