മാസപ്പടി വിവാദത്തിൽ ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരിൽ വീണ എന്ന പാവം പെൺകുട്ടിയെ ആക്രമിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇത് മഹാപാപമാണ്. വീണ വാങ്ങിയത് കൺസൾട്ടൻസി ഫീസ് തന്നെയാണ്. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു.രാഷ്ട്രീയം പറഞ്ഞ് തീർക്കണമെന്നും വ്യക്തിഹത്യ നടത്തരുതെന്നും കോട്ടയത്തു നടന്ന വാർത്താ സമ്മേളനത്തിൽ ജയരാജൻ പറഞ്ഞു.
‘എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു? എന്താ തെറ്റ്? കൺസൾട്ടൻസി ഫീസ് കൊടുക്കും. അങ്ങനെ കൺസൾട്ടൻസി ഫീസ് കൊടുക്കുന്നയാൾ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിരിക്കുന്നത്. അവർ ടിഡിഎസ് ഗവൺമെന്റിലേക്ക് അടച്ചിട്ടുണ്ട്. പൈസ വാങ്ങിയാൽ വാങ്ങിയ പണത്തിന്റെ ഇൻകംടാക്സ് അടച്ചിട്ടുണ്ട്. പിന്നെന്താ അതിൽ തെറ്റ്? എല്ലാം ബാങ്ക് വഴിയാണ്. ഇതിൽ എന്താണ് തെറ്റ്? കൺസൾട്ടൻസി പാടില്ലേ? ഇങ്ങനെ ഫീസ് വാങ്ങി. എല്ലാം വളരെ കൃത്യം. എന്തിനാണിത്? ഇത് മുഖ്യമന്ത്രിയെ ആക്രമിക്കണം. കേരളത്തിലെ ഗവൺമെന്റിനെ ആക്രമിക്കണം. എന്തിനാ ഒരു പാവം ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത്? ഇത് മഹാപാപമാണ്, ഇത് വലിയ തെറ്റാണ്.” ഇ പി ജയരാജൻ പറഞ്ഞു.