National

എഴുപത്തി ഏഴാമത് സ്വാതന്ത്ര ദിന നിറവിൽ രാജ്യം

മഹത്തായ പ്രഭാഷണങ്ങളിൽ ഒന്നാണ് സ്വാതന്ത്ര പുലരിയിൽ നെഹ്‌റു നടത്തിയ വിധിയുമായുള്ള കൂടിക്കാഴ്ച. അസ്വാതന്ത്രങ്ങളുടെ യാതനകൾ അനുഭവിച്ച് തീർത്ത ഒരു ജനത കാതോർത്തിരുന്ന വാക്കുകളായിരുന്നു അത്. ഇന്ന് ഇന്ത്യൻ ജനത 77)൦ സ്വതന്ത്ര ദിനം ആഘോഷിക്കുമ്പോൾ ആ വാക്കുകൾ വീണ്ടും വായിക്കാം.

“ദീര്‍ഘകാലം മുമ്പ് വിധിയുമായി നാം ഒരു സന്ധിയുണ്ടാക്കി, പൂര്‍ണമായിട്ടോ മുഴുവനായ അളവിലോ അല്ലെങ്കിലും അതിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു. അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നെണീക്കും. ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം സമാഗതമായിരിക്കുന്നു, നാം പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെയ്‍ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്‍ട്രത്തിന്റെ ആത്മാവ് ശബ്‍ദം കണ്ടെത്തുകയാണ്…”

‘ചരിത്രത്തിന്റെ ഉദയം മുതല്‍ക്കു തന്നെ ഇന്ത്യ അവിരാമമായ അവളുടെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞിരുന്നു. പിന്നിട്ട നൂറ്റാണ്ടുകള്‍ അവളുടെ ഉദ്യമങ്ങളാലും വിജയവൈഭവങ്ങളാലും പരാജയങ്ങളാലും ഭരിതമാണ്. ഭാഗ്യ-വിപര്യയങ്ങളിലൊരുപോലെ അവള്‍ അന്വേഷണത്വരയോ തനിച്ച് കരുത്തു പകര്‍ന്ന ആദര്‍ശങ്ങളോ വിസ്മരിച്ചില്ല. നമ്മളിന്ന് ഒരു നിര്‍ഭാഗ്യദശ പിന്നിട്ട് ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുന്ന മുഹൂര്‍ത്തത്തിലാണ്. നമ്മളിന്ന് ആഘോഷിക്കുന്ന നേട്ടങ്ങള്‍ നമ്മെ കാത്തിരിക്കുന്ന മഹത്തായ വിജയങ്ങളിലേക്കും നേട്ടങ്ങളിലേക്കുമുള്ള ചവിട്ടുപടിയും അവസരങ്ങളുടെ ആരംഭവുമാണ്. ഈ അവസരം മനസ്സിലാക്കാനും ഭാവിയുടെ വെല്ലുവിളി സ്വീകരിക്കാനും മതിയായ വിവേകവും ധൈര്യവും നമുക്കുണ്ടോ..?’

‘സ്വാതന്ത്ര്യവും അധികാരവും ഉത്തരവാദിത്വത്തെ കൊണ്ടുവരുന്നു. ഇന്ത്യയിലെ പരമാധികാരികളായ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പരമാധികാര വേദിയായ ഈ സഭയിലാണ് ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത്. സ്വാതന്ത്ര്യപ്പിറവിക്കുമുമ്പ് നാം അനുഭവിച്ച വേദനകളുടെയും യാതനകളുടെയും ദുഖസ്മൃതികള്‍ നമ്മുടെ ഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. അവയില്‍ ചില വേദനകള്‍ ഇന്നും തുടരുന്നുണ്ട്. എങ്കിലും പഴയതെല്ലാം കഴിഞ്ഞു. ഭാവി നമ്മെ മാടിവിളിക്കുകയാണ്. ഭാവി അലസ വിശ്രമങ്ങള്‍ക്കുള്ളതല്ല. നമ്മള്‍ പലപ്പോഴായി എടുത്തതും ഇന്ന് എടുക്കുന്നതുമായ പ്രതിജ്ഞകള്‍ നിറവേറ്റാനുള്ള നിരന്തര ശ്രമങ്ങളുടേതാണ്. ഇന്ത്യയെ സേവിക്കുക എന്നതിന്റെ അര്‍ഥം ദുരിതമനുഭവിക്കുന്ന ദശലക്ഷങ്ങളെ സേവിക്കുക എന്നതാണ്. ദാരിദ്ര്യം, അജ്ഞത, രോഗങ്ങള്‍, അവസരങ്ങളുടെ സമത്വം എന്നിവയ്ക്ക് അവസാനം കാണുക എന്നതാണ് അതിനര്‍ഥം. എല്ലാ കണ്ണുകളില്‍ നിന്നും കണ്ണീരൊപ്പുക എന്നതാണ് നമ്മുടെ തലമുറയിലെ മഹാനായ മനുഷ്യന്റെ അഭിലാഷം. അത് നമ്മുടെ കഴിവിന് അപ്പുറത്തായിരിക്കുമെങ്കിലും കണ്ണീരും ദുരിതങ്ങളും ഉള്ളിടത്തോളം കാലം നമ്മുടെ ദൗത്യം പൂര്‍ണമാവുകയില്ല…’

‘അതിനാല്‍ നാം നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ പ്രവര്‍ത്തിക്കുകയും കഠിനമായി പ്രയത്‌നിക്കുകയും വേണം. ആ സ്വപ്നങ്ങള്‍ ഇന്ത്യയെക്കുറിച്ചുള്ളതാണെങ്കിലും അവ ലോകത്തെ സംബന്ധിക്കുന്നതുമാണ്. വേറിട്ട് ജീവിക്കാമെന്ന് സങ്കല്‍പ്പിക്കാന്‍ പോലുമാകാത്ത വിധത്തില്‍ രാജ്യങ്ങളും ജനതകളും ഇന്ന് ഏറെ കൂട്ടിച്ചേര്‍ത്ത അവസ്ഥയിലാണ്…’

‘മേലില്‍ ഒറ്റതിരിഞ്ഞ കഷണങ്ങളായി ഭിന്നിച്ച് കഴിയാനാവാത്ത ഈ ലോകത്ത് സമാധാനവും സ്വാതന്ത്ര്യവും അഭിവൃദ്ധിയും നാശവും അവിച്ഛിന്നമത്രേ. ഈ മഹാ സാഹസത്തില്‍ വിശ്വാസത്തോടെയും ഉള്ളുറപ്പോടെയും നമ്മോട് സഹകരിക്കുവാന്‍ നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന ഇന്ത്യന്‍ ജനതയോട് നാം അഭ്യര്‍ത്ഥിക്കുകയാണ്. നിസ്സാരവും വിനാശകാരിയുമായ വിമര്‍ശനത്തിനുള്ള സമയമല്ലിത്. അസൂയയ്ക്കും ആക്ഷേപത്തിനുമുള്ള സന്ദര്‍ഭമല്ലിത്. സ്വതന്ത്ര ഇന്ത്യയുടെ എല്ലാ സന്താനങ്ങള്‍ക്കുമായി നമുക്ക് മഹനീയായ സൗധം പണിയേണ്ടതുണ്ട്…’

‘ഞാന്‍ അഭ്യര്‍ത്തിക്കുകയാണ്… അര്‍ധരാത്രി മണി മുഴങ്ങിയാല്‍, ഇവിടെ സന്നിഹിതരായ ഭരണഘടനാ നിര്‍മാണ സമിതിയംഗങ്ങള്‍ ഈ പ്രതിജ്ഞ സ്വീകരിക്കണം. ഇന്ത്യന്‍ ജനത, ദുരിതങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും സ്വാതന്ത്ര്യം നേടിയ ഈ പാവനമുഹൂര്‍ത്തത്തില്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സമിതിയിലെ അംഗമെന്ന നിലയ്ക്ക് ഞാന്‍ ഈ പുരാതന രാജ്യത്തിന് ലോകത്തെ അര്‍ഹമായ സ്ഥാനം ലഭ്യമാവുന്നതിനും ഈ രാജ്യത്തെ ലോകസമാധാനവും മാനവരാശിയുടെ ക്ഷേമവും വളര്‍ത്തുവാനുള്ള അവളുടെ പൂര്‍ണ സംഭാവനകള്‍ അര്‍പ്പിക്കുന്നതിന് പ്രാപ്തമാക്കുവാനും വിനയാദരപൂര്‍വം സ്വയം സമര്‍പ്പിക്കുന്നു. ഈ അവസരത്തില്‍ ഇവിടെ സന്നിഹിതരല്ലാത്ത അംഗങ്ങള്‍ അടുത്ത തവണ സഭയില്‍ ഹാജരാകുമ്പോള്‍ ഈ പ്രതിജ്ഞ (അദ്ധ്യക്ഷന്‍ നിര്‍ദേശിക്കുന്ന ഭേദഗതികളോടെ) സ്വീകരിക്കേണ്ടതാണ്…’

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!