കോഴിക്കോട്: തിരുവമ്പാടിയില്‍ വീതികുറഞ്ഞ റോഡില്‍ എതിരേവന്ന ടിപ്പറിന് സൈഡ് കൊടുക്കവേ റോഡിടിഞ്ഞതിന് ടിപ്പര്‍ ഉടമയ്ക്ക് പിഴ ചുമത്തി പൊതുമരാമത്ത് വകുപ്പ്.26,000 രൂപയാണ് പിഴ ചുമത്തിയത്. കൂമ്പാറ പാമ്പോടൻ റസാഖിനാണ് തിരുവമ്പാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസ് പിഴയടയ്ക്കാൻ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജൂലായ് 24-ന് ഉച്ചയ്ക്കാണ് റോഡ് ഇടിഞ്ഞത്. മരഞ്ചാട്ടിയില്‍ നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പര്‍ മാങ്കയത്ത് നിന്ന് എതിരെ വന്ന ടിപ്പറിന് സൈഡ് കൊടുക്കവേ തെന്നിമാറി. ഇതേ തുടര്‍ന്ന് വാഹനം താഴ്ന്ന് റോഡിന് നാശനഷ്ടമുണ്ടായി. വാഹനത്തിന്റെ ഇടതുഭാഗത്തെ മുൻചക്രം താഴ്ന്നുപോയതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ സംഭവിച്ചത്. ജെ.സി.ബി. ഉപയോഗിച്ച് ഉയര്‍ത്തിയാണ് വാഹനം കൊണ്ടുപോയത്. ചക്രം താഴ്ന്നപ്പോള്‍ രൂപപ്പെട്ട കുഴി കല്ല് ഉപയോഗിച്ച് നന്നാക്കിയശേഷമാണ് തിരികെ പോന്നതെന്ന് ടിപ്പര്‍ ഓടിച്ചിരുന്ന റിയാസ് പറയുന്നു.
സംഭവമറിഞ്ഞ ഉടൻ പൊതുമരാമത്ത് അധികൃതര്‍ വാഹനം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ച തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐ വിളിച്ച് റോഡിന് നാശനഷ്ടമുണ്ടാക്കിയതിന് പി.ഡബ്ല്യു.ഡി. അധികൃതരുടെ ഭാഗത്ത് നിന്ന് പരാതി ലഭിച്ചതായി അറിയിച്ചു. ഇവരെ തിരുവമ്ബാടി പി.ഡബ്ല്യു.ഡി. സെക്‌ഷൻ ഓഫീസിലേക്ക് പറഞ്ഞയച്ചു. റോഡിന് നാശനഷ്ടമുണ്ടായ വകയില്‍ നഷ്ടപരിഹാരമായി 22,000 രൂപയും 4,000 രൂപ ജി.എസ്.ടി.യും ഉള്‍പ്പെടെ 26,000 രൂപ പിഴ അടയ്ക്കണമെന്ന് നിര്‍ദേശിച്ചതായി റസാഖിന്റെ മകൻ റിയാസ് പറയുന്നു.
വാഹനം താഴ്ന്നഭാഗത്ത് പി.ഡബ്ല്യു.ഡി.ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ പിഴയടയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ച് തിരികെ പോന്നു. പൊതുമരാമത്ത് അധികൃതര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ഇവര്‍. പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വാഹനം താഴ്ന്നഭാഗത്തിന്റെ എതിര്‍വശത്ത് സ്വകാര്യവ്യക്തി തന്റെ വീട്ടിലേക്ക് റോഡിന് കോണ്‍ക്രീറ്റ് ചെയ്തതിനാലാണ് വാഹനം വശത്തേക്ക് തെന്നിമാറാൻ ഇടയാക്കിയതെന്നും ഈ ഭാഗങ്ങളില്‍ നടന്ന റോഡ് കയ്യേറ്റങ്ങളില്‍ നടപടി കൈക്കൊള്ളാനോ തകര്‍ന്ന ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്താനോ തയ്യാറാകാതെ വാഹന ഉടമകളെ പീഡിപ്പിക്കുന്ന നയമാണ് പി.ഡ.ബ്ല്യു.ഡി. അധികൃതരുടേതെന്ന് കോഴിക്കോട് ഡ്രൈവേഴ്‌സ് രക്ഷാധികാരി നിസാം കൂമ്പാറ ആരോപിച്ചു.
ടിപ്പറുടമയ്ക്കെതിരായ നടപടി തികച്ചും അന്യായമാണെന്ന് കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തംഗം ബാബു മുട്ടോളി പറഞ്ഞു. പി.ഡബ്ല്യു.ഡി. എ.ഇ.യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ടിപ്പര്‍ ഉടമയെ വിളിച്ചുവരുത്തിയതെന്നും കേസെടുത്തിട്ടില്ലെന്നും എസ്.ഐ. കെ.ആര്‍. ഗീരീഷ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്കെതിരെ കൂടരഞ്ഞി ടിപ്പര്‍ഡ്രൈവേഴ്‌സ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.