തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടിയും ശാരദയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനായ അനിലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇന്ന് രാവിലെ 8.45-ഓടു കൂടിയാണ് ദാരുണമായ സംഭവം നടന്നത്. വെട്ട് കൊണ്ട കൃഷ്‌ണൻ കുട്ടിയും, ശാരദയും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. മാതാപിതാക്കളെ ആക്രമിച്ച ശേഷം ആയുധവുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പുളിക്കീഴില്‍ നിന്ന് കൂടുതല്‍ പോലീസെത്തിയാണ് കീഴപ്പെടുത്തിയത്. കൊലപാതകം നടത്താനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനില്‍ വീട്ടില്‍ താമസിച്ചു വന്നത്. വീടിനുള്ളില്‍ വെച്ചാണ് കൊലപാതകവുമുണ്ടായത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് പോലീസിനെ സംഭവമറിയിച്ചത്. അനില്‍ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതു കൊണ്ടു തന്നെ പരിക്കേറ്റ കൃഷ്ണന്‍കുട്ടിയേയും ശാരദയേയും ആശുപത്രിയിലെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. അതിനാല്‍ തന്നെ രക്തം വാര്‍ന്ന് ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുകയാണ്.