തൃശൂർ: വടക്കേക്കാട് ഉറങ്ങിക്കിടന്ന വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ അക്മലുമായി ഇന്ന് തെളിവെടുപ്പ് നടത്തും. വൈലത്തൂർ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് മകളുടെ മകൻ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ ചെറുമകൻ അഹമ്മദ് അക്മലിനെ (മുന്ന– 26) മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പ്രതി അക്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അക്മൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കഴുത്തു മുറിച്ചാണ് കൊല നടത്തിയതെന്ന് അക്മൽ മൊഴി നൽകി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകുന്നതെന്നാണ് വിവരം.
ഇന്നലെ പുലർച്ചയോടെയാണ് അബ്ദുല്ലയേയും ഭാര്യ ജമീലയേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കൾക്കു ഭക്ഷണവുമായെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിലിനോടു ചേർന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളിൽ കയറിയപ്പോഴാണ് ദാരുണദൃശ്യം കണ്ടത്. അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങൾ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു.