സംസ്ഥാനത്ത് അടിയന്തരമായി കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ നടത്തേണ്ട സാമൂഹ്യ സുരക്ഷാ മിഷൻ കൈമാറിയ ലിസ്റ്റ് പ്രകാരമുള്ള 25 കുട്ടികളുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷന് ആവശ്യമായ തുക അനുവദിച്ചതായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ.). മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ അടിസ്ഥാനത്തിൽ നടപടിക്രമങ്ങൾ പാലിച്ച് ധന വകുപ്പ് നൽകിയ തുകയായ 59,47,500 രൂപയാണ് എസ്.എച്ച്.എ., സാമൂഹ്യ സുരക്ഷാ മിഷന് അനുവദിച്ചത്. ഈ കുട്ടികൾക്കാവശ്യമായ കോക്ലിയർ ഇംപ്ലാന്റേഷൻ അപ്ഗ്രഡേഷൻ സാമൂഹ്യ സുരക്ഷാ മിഷൻ വഴി തന്നെ നടത്താനാകും.
ശ്രുതിതരംഗം പദ്ധതി സർക്കാർ കയ്യൊഴിഞ്ഞു എന്ന തരത്തിൽ തെറ്റായ പ്രചരണമാണ് നടക്കുന്നത്. മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സാമൂഹ്യ സുരക്ഷാ മിഷനാണ് ശ്രുതിതരംഗം പദ്ധതി നടത്തി വന്നിരുന്നത്. ഈ പദ്ധതി ആരോഗ്യ വകുപ്പിലേക്ക് മാറ്റുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. ആരോഗ്യ വകുപ്പ് മന്ത്രിയുടേയും സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടേയും ധനകാര്യ വകുപ്പിന്റേയും നേതൃത്വത്തിൽ രണ്ട് തവണയും ഉദ്യോഗസ്ഥ തലത്തിൽ നിരവധി തവണയും മീറ്റിംഗുകൾ ചേർന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നാണ് പദ്ധതിയ്ക്ക് അന്തിമ രൂപം നൽകിയത്.
നിലവിലുള്ളവരുടെ കോക്ലിയർ ഇംപ്ലാന്റേഷൻ മെഷീന്റെ അപ്ഗ്രഡേഷൻ സാമൂഹ്യ സുരക്ഷാ മിഷൻ വഴിയും പുതുതായി രജിസ്റ്റർ ചെയ്യുന്നവരുടെ ചികിത്സ എസ്.എച്ച്.എ. വഴിയും നടത്തുന്നതാണ്. ഇതിനാവശ്യമായ ധനസഹായം എസ്.എച്ച്.എ നൽകും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായിരുന്നു. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജ് തുടങ്ങി ഈ മേഖലയിലെ വിദഗ്ധർ കമ്മിറ്റിയിൽ അംഗങ്ങളാണ്. ഈ വിദഗ്ധ സമിതി യോഗം ചേർന്ന് പദ്ധതി നടത്തിപ്പിനായുള്ള പ്രവർത്തന മാർഗരേഖ തയ്യാറാക്കി. എസ്എച്ച്എ ഇത് സർക്കാരിന് നൽകുകയും അംഗീകാരം നൽകുകയും ചെയ്തു. ഇതനുസരിച്ച് കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ നടത്താനുള്ള സൗകര്യം വിവിധ ആശുപത്രികളിൽ സജ്ജമാക്കുന്നതാണ്. പുതിയ ശ്രുതിതരംഗം പദ്ധതിയിൽ ഉൾപ്പെട്ട 49 പേരുടെ ലിസ്റ്റ് സാമൂഹ്യ സുരക്ഷാ മിഷൻ എസ്.എച്ച്.എ.യ്ക്ക് കൈമാറിയിട്ടുണ്ട്. എസ്.എച്ച്.എ.യുടെ പാക്കേജ് പ്രകാരം ആവശ്യമായ കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതാണ്.
ശ്രുതിതരംഗം പദ്ധതി ആരോഗ്യ വകുപ്പ് ഏറ്റെടുക്കുന്നതോടെ കൂടുതൽ സുഗമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ശ്രുതിതരംഗം പദ്ധതിയിലേക്ക് സർക്കാർ എംപാനൽ ചെയ്ത ആശുപത്രി വഴി നേരിട്ട് രജിസ്റ്റർ ചെയ്താൽ മതിയാകും. ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. ശ്രുതിതരംഗം പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് സമ്പൂർണ പരിരക്ഷയൊരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്