രാത്രി ഏറെ വൈകിയാലും ഉമ്മ്മൻ ചാണ്ടിയുടെ സംസ്കാരം ഇന്ന് തന്നെ നടത്താൻ അനുമതി നൽകി ജില്ലാ കളക്ടർ. പള്ളിയിൽ എത്തുന്ന ഏതൊരാൾക്കും ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാനുള്ള അവസരം ഒരുക്കുമെന്നും പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളി അറിയിച്ചു.
2 മണിക്ക് പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിക്കാനും 5മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കാനുമാണ് നിലവിലെ തീരുമാനം. ക്രമീകരണങ്ങളെ പറ്റിയുള്ള നിർദ്ദേശങ്ങൾ 9.45നു പള്ളി വികാരി വർഗീസ് വർഗീസ് വിശദീകരിക്കും.
വിലാപയാത്ര നിലവിൽ കോട്ടയം കോടിമതയിലാണ്. ഇന്നലെ രാവിലെ ഏഴോടെ തിരുവനന്തപുരത്ത് നിന്നാംരഭിച്ച വിലാപയാത്ര 24 മണിക്കൂര്‍ പിന്നിട്ടു. വഴിയോരങ്ങളിലെല്ലാം വന്‍ ജനസാഗരമാണ് പ്രിയപ്പെട്ട ജനനായകനെ കാണാന്‍ തടിച്ചുകൂടിയിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്ക് അന്ത്യയാത്ര നല്‍കാന്‍ മലയാള ചലച്ചിത്ര ലോകവും ഒരുങ്ങിയിരിക്കുകയാണ്. നടന്മാരായ മമ്മൂട്ടി, സുരേഷ് ഗോപി, രമേഷ് പിഷാരടി ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം തിരുനക്കരയില്‍ എത്തി. തിരുനക്കര മൈതാനത്ത് രാഷ്ട്രീയ പ്രവര്‍ത്തകരും സാധാരണക്കാരുമായ പതിനായിരക്കണക്കിന് ആളുകളാണ് രാത്രിമുതല്‍ ഉമ്മന്‍ചാണ്ടിക്കായി കാത്തിരിക്കുന്നത്.