കൊച്ചി: ശക്തമായ മഴയ്ക്ക് പിന്നാലെ എറണാകുളത്തെ നായരമ്പലത്ത് കടലാക്രമണം രൂക്ഷമാകുന്നു. പ്രദേശത്തെ പല വീടുകളിലും വെള്ളം കയറി. സ്ഥിരമായി ഉണ്ടാകുന്ന കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രദേശവാസികൾ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധം നടത്തി. വൈപ്പിൻ-മുനമ്പം സംസ്ഥാനപാതയിൽ റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ ഉപരോധസമരം നടത്തിയത്. നായരമ്പലത്ത് ചെല്ലാനം മോഡൽ കടൽഭിത്തി വേണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
നായരമ്പലത്തെ തീരത്തോട് ചേർന്ന് 425ലേറെ വീടുകളാണുള്ളത്. മൂന്നുകിലോമീറ്റർ നീളമുള്ള തീരത്ത് 19 പുലിമുട്ടുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരെണ്ണം പോലും ഇല്ല. വെളിയത്താംപറമ്പിൽ കടൽകയറ്റം രൂക്ഷമായതിനെ തുടർന്ന് ഇരുനൂറോളം വീടുകളിലാണ് വെള്ളം കയറിയത്. എടവനക്കാട്, പഴങ്ങാട് തുടങ്ങിയ മേഖലകളിലും വെള്ളം കയറി. തിരമാലകളെ പ്രതിരോധിക്കാനായി നിർമ്മിച്ചിരുന്ന താൽക്കാലിക മണൽബണ്ട് തകർന്നാണ് വെള്ളം അകത്തേയ്ക്ക് കയറിയത്.