ഈ പെരുന്നാൾ ത്യാഗത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. പെരുന്നാളിൽ ലഹരിക്കെതിരെ വിശ്വാസികൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണം. ഇന്ത്യയിൽ തീവ്രവാദം ശക്തമാകുന്നു. തീവ്രവാദത്തെ അകറ്റി നിർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
ത്യാഗനിർഭരമായ ജീവിതം നയിക്കാനും പ്രതിസന്ധികളിൽ തളരാതെ മുന്നേറാനുമുള്ള പ്രചോദനമാണ് ബലിപെരുന്നാൾ നമുക്ക് നൽകുന്നത്. പ്രകോപനങ്ങളെയും സാമൂഹിക പ്രതിസന്ധികളെയും സംയമനത്തോടെ നേരിടുകയും വിശ്വാസം മുറുകെപ്പിടിച്ച് പ്രതിരോധിക്കുകയും വേണം.
മാനവിക സ്‌നേഹത്തിൻ്റെയും വിശ്വ സാഹോദര്യത്തിൻ്റെയും സ്‌നേഹാർദ്രമായ സന്ദേശമാണ് ഹജ്ജ് കർമവും അതിന്റെ പരിസമാപ്‌തിയോടെ ആഘോഷിക്കുന്ന ബലിപെരുന്നാളും. വിശുദ്ധ ഹജ്ജ് കർമ്മത്തിനായി ലോകത്തിൻ്റെ നാനാ ഭാഗത്തുനിന്നുള്ള ജനങ്ങൾ ഒരുമിച്ചു കൂടുകയും പരസ്പര സഹോദര്യത്തിലും സ്നേഹത്തിലും ത്യാഗ സ്മരണകൾ പങ്കുവെച്ച് പിരിയുകയും ചെയ്യുന്നു. വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും വിജയകരമായി മുന്നേറാൻ ക്ഷമയും സാഹോദര്യവും അനിവാര്യമാണ്.
എല്ലാ സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും കെട്ടുറപ്പ് ഈ പാരസ്പര്യത്തിലാണ്. പുതുവസ്ത്രത്തിലും മുന്തിയ വിഭവങ്ങളിലും മാത്രം ആഘോഷം ഒതുങ്ങാതെ സ്വയം വിലയിരുത്താനും ചുറ്റുമുള്ളവർക്ക് സ്നേഹവും കരുതലും സമ്മാനിക്കാനും നമുക്ക് സാധിക്കണം.
തന്റെ പ്രവർത്തികൾ സ്വന്തം ശരീരത്തിനും സമൂഹത്തിനും ഗുണകരമാണോ എന്ന് പരിശോധിക്കാനും ജീവിതം സന്മാർഗത്തിൽ ചിട്ടപ്പെടുത്താനും ഇത്തരം വാർഷിക വേളകൾ നാം ഉപയോഗപ്പെടുത്തണം. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിയിൽ നിന്നും ആഭാസങ്ങളിൽ നിന്നും നമ്മുടെ പരിസരങ്ങളിലുള്ളവർ അകപ്പെടാതെ ശ്രദ്ധിക്കണം.
അത്തരം സാമൂഹ്യ വിപത്തുകളുടെ വിപാടനത്തിനായി ഏവരും ഒന്നിക്കണം. സാമുദായിക സ്നേഹവും സൗഹാർദവും തകർക്കുന്ന വാക്കോ പ്രവർത്തിയോ നമ്മിൽ നിന്നുണ്ടാവുകയില്ലെന്ന് ഉറപ്പുവരുത്തുകയും രാജ്യത്തിന്റെ അഖണ്ഡതക്കും പുരോഗതിക്കും വേണ്ടി ഊർജസ്വലതയോടെ മുന്നിൽ നിൽക്കുകയും വേണം.
പരസ്പര സ്നേഹത്തിൻ്റെ ഭാഷ്യങ്ങൾ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് വിശുദ്ധ ഹജ്ജിന്റെയും മറ്റു പുണ്യങ്ങളുടെയും അന്തസത്ത ഉൾക്കൊണ്ട് ബലി പെരുന്നാളിനെ സാർത്ഥകമാക്കാൻ കഴിയുന്നത്. ലോകത്തുള്ള എല്ലാ വിശ്വാസി സമൂഹങ്ങൾക്കും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ ഈദുൽ അള്ഹ ആശംസകളെന്ന് കാന്തപുരം ഫേസ്ബുക്കിൽ കുറിച്ചു.