ഗ്യാസ് അടുപ്പ് കത്തിക്കുമ്പോള്‍ പടര്‍ന്നുപിടിച്ച തീ കെടുത്തി അഞ്ചാം ക്ലാസുകാരന്‍. ഫെയ്‌സ്ബുക്കില്‍ അഗ്‌നിരക്ഷാസേനയുടെ ബോധവല്‍ക്കരണ വിഡിയോ കണ്ടതാണ് അപകടമൊഴിവാക്കാന്‍ മുതുകുളം സന്തോഷ് ഭവനത്തില്‍ സജിയുടെയും പ്രീതയുടെയും ഇളയമകനായ അഖിലിന് (കിച്ചാമണി -10) തുണയായത്. ചുനക്കരയിലെ അമ്മവീട്ടിലെത്തിയ അഖില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അമ്മൂമ്മയുടെ നിലവിളി കേട്ടത്.കോമല്ലൂര്‍ പ്രീതാലയം വീട്ടില്‍ അമ്മിണി അടുക്കളയില്‍ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു.ഓടിയെത്തിയ അഖില്‍ അടുക്കളയില്‍ കിടന്ന തുണി വെള്ളത്തില്‍ മുക്കി കത്തിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിന് മുകളിലിട്ടു. ഇതോടെയാണ് തീ അണഞ്ഞത്. മുതുകുളം എസ്എന്‍എം യുപിഎസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഖില്‍. പിഞ്ചുകുഞ്ഞുള്‍പ്പെടെ അഞ്ച് പേര്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു.