കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിൽ എത്തി ചർച്ച നടത്തിയാലും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ കാണാൻ ഉറച്ച് ഗ്രൂപ്പുകൾ. താരിഖ് അൻവർ മാത്രമല്ല ഹൈക്കമാൻഡ് എന്ന് എം എം ഹസൻ പറഞ്ഞു.
ഗ്രൂപ്പുകൾക്കെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും രംഗത്തെത്തി. കേരളത്തിലെ പ്രശ്ന പരിഹാരത്തിന് അല്ല താരിഖ് അൻവർ എത്തുന്നത് എന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം.
താരിഖ് അൻവർ മുൻവിധിയോടെയാണ് കാര്യങ്ങൾ കാണുന്നത് എന്നാണ് ഗ്രൂപ്പുകളുടെ അഭിപ്രായം. കേരളത്തിലെത്തി താരിഖ് നടത്തുന്ന ചർച്ചയിൽ ഗ്രൂപ്പുകൾക്ക് പ്രതീക്ഷയില്ല. ഡൽഹിയിലെത്തി മല്ലികാർജുൻ ഖാർഗെയെ എതിർപ്പ് നേരിട്ട് അറിയിക്കും. പാർട്ടിയിലെ ഐക്യം നഷ്ടപ്പെട്ടെന്ന് എം എം ഹസൻ തുറന്നടിച്ചു.
നേതാക്കന്മാർ തമ്മിൽ പരസ്യമായ വിഴുപ്പലക്കൽ തുടങ്ങിയതോടെ എന്തായാലും കാര്യങ്ങൾ ഇനി ഹൈക്കമാൻഡിന് മുന്നിലേക്കെത്തുകയാണ്. വിവാദങ്ങളും എതിർപ്പും പരസ്യപ്പെടുത്തുമ്പോഴും വിജിലൻസ് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന് ഒറ്റക്കെട്ടായി യു.ഡി.എഫ് പ്രതിരോധം തീർക്കും.