പുതിയ 500 രൂപയുടെ വ്യാജ നോട്ടുകൾ പെരുകുന്നതായി ആർബിഐ. 2022-23 സാമ്പത്തിക വർഷത്തിൽ വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണത്തിൽ14.4 ശതമാനമാണ് വർധന. 500 രൂപയുടെ 4.55 കോടി രൂപ മൂല്യമുള്ള 91,110 നോട്ടുകളാണ് റിസർവ് ബാങ്കും ബാങ്കുകളും ചേർന്ന് കണ്ടെത്തിയത്.
നേരത്തെ 3.98 കോടി രൂപ മൂല്യമുള്ള കള്ളനോട്ടുകളായിരുന്നു പിടിച്ചത്. 500 രൂപയുടെ 79,669 കള്ളനോട്ടുകൾ പിടിച്ച സ്ഥാനത്താണിത്. 2022-23ൽ, ബാങ്കിംഗ് മേഖലയിൽ കണ്ടെത്തിയ മൊത്തം വ്യാജ കറൻസി നോട്ടുകളിൽ 4.6 ശതമാനം റിസർവ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് കണ്ടെത്തിയത്.
മുൻവർഷത്തെ അപേക്ഷിച്ച് 20 രൂപയുടെയും 500 രൂപയുടെയും കള്ളനോട്ടുകളിൽ വർധനയുണ്ട്. വ്യാജ 20 രൂപ നോട്ടുകളിൽ 8.4 ശതമാനവും 500 രൂപ നോട്ടുകളിൽ 14.4 ശതമാനവുമാണ് വർധന. 10, 100, 2000 എന്നിവയുടെ കള്ളനോട്ടുകൾ കുറഞ്ഞിട്ടുണ്ട്. 2000 രൂപ നോട്ടുകളുടെ വ്യാജൻമാരിൽ 27.9 ശതമാനം കുറവുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, 2022-23 കാലയളവിൽ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യവും അളവും വർദ്ധിട്ടിട്ടുണ്ട്. 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടായിരുന്ന ബാങ്ക് നോട്ടുകളുടെ മൊത്തം മൂല്യത്തിന്റെ 87.9 ശതമാനമായിരുന്നു 500,2000 രൂപ നോട്ടുകളുടെ വിഹിതം. വോളിയം അനുസരിച്ച്, 500 രൂപ മൂല്യമുള്ള നോട്ടുകളാണ് കൂടുതൽ. 37.9 ശതമാനമാണ് വിഹിതം. തുടർന്ന് 2023 മാർച്ച് 31 വരെ പ്രചാരത്തിലുണ്ടയിരുന്ന മൊത്തം ബാങ്ക് നോട്ടുകളുടെ 19.2 ശതമാനവും 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളാണ്.

