ഓട്ടിസം ബാധിച്ചവർക്ക് ജോലി നൽകാൻ കൂടുതൽ സ്ഥാപനങ്ങൾ മുന്നോട്ടു വരണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ സി. എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച “പ്രതീക്ഷാ സംഗമം”, “അറിയാം-ഓട്ടിസം” എന്നീ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന വ്യക്തികളെ സ്ക്രീനിംഗ് നടത്തി, അതില്‍ നിന്നും തെരഞ്ഞെടുത്ത 10 വ്യക്തികള്‍ക്ക് അനുയോജ്യമായ ജോലി നല്‍കുക വഴി സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് അവരെ എത്തിക്കുകയെന്നതാണ് പ്രതീക്ഷാ സംഗമത്തിന്റെ ലക്ഷ്യം.
പ്രതീക്ഷാ സംഗമത്തിലൂടെ കണ്ടെത്തിയ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ ആദരിക്കുകയും ഇത്തരത്തില്‍ തൊഴില്‍ നല്‍കിയ തൊഴില്‍ ദാതാക്കളെ പ്രത്യേകമായി മന്ത്രി അനുമോദിക്കുകയുമുണ്ടായി. പാന്‍ മറൈന്‍ എക്സ്പ്രസ്സ് ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴില്‍ വരുന്ന ക്ലബ് മാര്‍ട്ട്, ക്ലബ് ഹൗസ്, അജ്വ ബിരിയാണി, കിന്‍ഫ്ര പാര്‍ക്കിന്റെ കീഴില്‍ ഗ്രീന്‍ റാപ്പ്, ടെക്നോപാര്‍ക്ക‍്, സഞ്ചി ബാഗ്സ്, ട്രിവാന്‍ഡ്രം ക്ലബ് എന്നീ സ്ഥാപനങ്ങളിലായി 14 പേർക്ക് പ്രതീക്ഷാ സംഗമത്തിലൂടെ ജോലി ലഭ്യമാക്കാന്‍ സാധിച്ചു.