ന്യൂഡൽഹി: എംപി സ്ഥാനത്തിനുള്ള അയോഗ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ഔദ്യോഗിക വസതി ഒഴിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തുഗ്ലഖ് ലെയിനിലെ ഔദ്യോഗിക വസതിയാണ് രാഹുൽ ഇന്ന് ഒഴിഞ്ഞത്. ഇന്ന് പൊതു അവധിയായതിനാൽ രാഹുലിന് വസതിയുടെ താക്കോൽ ലോക്സഭാ സെക്രട്ടറിയേറ്റിന് നൽകാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മാസമാണ് അപകീർത്തി കേസിൽ ശിക്ഷിക്കപ്പെട്ടതിനുപിന്നാലെ വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതായി ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. ഇന്നായിരുന്നു ഔദ്യോഗിക വസതി ഒഴിയുന്നതിന് രാഹുലിനു നൽകിയിരുന്ന അവസാന തീയതി.
ഇന്നലെ തന്നെ രാഹുൽ ഔദ്യോഗിക വസതിയിൽനിന്നും തന്റെ സാധനങ്ങളെല്ലാം മാറ്റിയിരുന്നു. ഇപ്പോൾ അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് രാഹുലിന്റെ താമസം. അദ്ദേഹം പുതിയ വീട് അന്വേഷിക്കുന്നുണ്ട്.
അതേസമയം, ഔദ്യോഗിക വസതി ഒഴിഞ്ഞ രാഹുലിന്റെ പ്രവർത്തിയെ കോൺഗ്രസ് നേതാവ് ശശി തരൂർ അഭിനന്ദിച്ചു. രാഹുലിന്റേത് മാതൃകാപരമായ നടപടി എന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്.