കൊച്ചി∙ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നവജാത ശിശുവിന് വാക്സീൻ മാറി നൽകിയ സംഭവത്തിൽ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വീഴ്ച ഉണ്ടായെന്ന വാർത്ത ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും മന്ത്രി കൊച്ചിയിൽ പറഞ്ഞു.
ഏപ്രില്‍ 12 ന് ഇടപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുഞ്ഞിനാണ് വാക്സീൻ മാറി നൽകിയത്. പാലാരിവട്ടം സ്വദേശികളുടെ എട്ടു ദിവസം പ്രായമായ പെൺകുഞ്ഞിന് ബിസിജി കുത്തിവയ്പ്പിന് പകരം ആറ് ആഴ്ചയ്ക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ് നൽകിയത്. കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വാക്സീൻ മാറിയെന്ന് കണ്ടെത്തിയത്.
വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. തുടർന്ന് വിദഗ്ധ ചികിൽസ കണക്കിലെടുത്ത് കുട്ടി ജനിച്ച സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു. വാക്സിനേഷനിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി നല്‍കിയിരുന്നു.